കനത്ത ഹിമപാതം: ചെങ്കുത്തായ കൊക്കയിൽ തൂങ്ങിക്കിടന്ന് പർവതാരോഹകൻ, ഒടുവിൽ?






പർവതങ്ങളിൽക്കൂടിയുള്ള സാഹസിക യാത്രകളിൽ അപ്രതീക്ഷിതമായ അനേകം അപകടങ്ങളാണ് പതിയിരിക്കുന്നത്. ഇത്തരം അപകടങ്ങളെ ചെറുത്തുനിൽക്കാനാവാതെ ജീവൻ നഷ്ടപ്പെട്ടവരും നിരവധിയാണ്. എന്നാലിവിടെ മനസ്സാന്നിധ്യം ഒന്നുകൊണ്ടുമാത്രം വലിയ ദുരന്തത്തെ അതിജീവിച്ച് മരണത്തിൽ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരിക്കുകയാണ് ഒരു പർവതാരോഹകൻ. മഞ്ഞുമൂടിയ പർവതത്തിൽ കയറുന്നതിനിടെയുണ്ടായ ശക്തമായ ഹിമപാതത്തിൽ ചെങ്കുത്തായ കൊക്കയുടെ അറ്റത്ത് തൂങ്ങിക്കിടന്നാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. ഹോളിവുഡ് സിനിമകളെ പോലും വെല്ലുന്ന സംഭവത്തിന്റെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.





കൊളറാഡോ സ്വദേശിയായ ലീലാൻഡ് നിസ്കി എന്ന പർവതാരോഹകനാണ് അപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടത്.  മഞ്ഞുമൂടിക്കിടക്കുന്ന റിബൺ പർവതത്തിൽ തനിച്ച് കയറുകയായിരുന്നു അദ്ദേഹം. തറനിരപ്പിൽ നിന്നും 400 അടി ഉയരത്തിൽ എത്തിയ സമയത്താണ് ശക്തമായ ഹിമപാതമുണ്ടായത്. ഹിമപാതം തൊട്ടടുത്തെത്തിയതിനാൽ ഓടി രക്ഷപ്പെടാനും മാർഗമുണ്ടായിരുന്നില്ല.




മരണം തൊട്ടു മുന്നിലെത്തിയിട്ടും കാലങ്ങളായി പർവതാരോഹണം നടത്തിയ പരിശീലനത്തിൽനിന്നും മനസ്സാന്നിധ്യം കൈവിടാതെ ചെങ്കുത്തായ കൊക്കയുടെ അറ്റത്ത്   എങ്ങനെയും താഴെവീഴാതെ പിടിച്ചു നിൽക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. മഞ്ഞിടിഞ്ഞ് തൊട്ടരികിലെത്തുമ്പോഴേക്കും കൈയിൽ കരുതിയിരുന്ന ഉപകരണങ്ങൾ  പർവതത്തിന്റെ വശത്ത് ഉറഞ്ഞുകൂടിയ മഞ്ഞിൽ ആഴ്ത്തിയിറക്കി അതിൽ പിടിച്ച് തൂങ്ങിക്കിടക്കുകയായിരുന്നു അദ്ദേഹം. ഈ രംഗങ്ങളെല്ലാം ലിലാൻഡിന്റെ ക്യാമറ ഹെൽമറ്റിൽ പതിയുകയും ചെയ്തു.




മലയിടുക്കിലൂടെ മഞ്ഞിടിഞ്ഞ് വരുന്നതും ലിലാൻഡിന്റെ ശരീരത്തിന് മുകളിലൂടെ അത് താഴേക്ക് പതിക്കുന്നതുമായ ദൃശ്യങ്ങൾ വ്യക്തമായി കാണാം. ഈ സമയമത്രയും ബാലൻസ് തെറ്റാതെ ഉപകരണങ്ങളിൽ പിടിമുറുക്കി നിൽക്കാൻ കഠിനശ്രമം തന്നെ ലിലാൻഡ്  നടത്തി. രണ്ട് മിനിറ്റ് നേരമാണ് ഹിമപാതത്തെ ചെറുത്ത് അദ്ദേഹം ഇതേ നിലയിൽ തുടർന്നത്. ഒടുവിൽ മഞ്ഞൊഴുക്കിന്റെ ശക്തി കുറഞ്ഞതോടെ ശരീരത്തിൽ പറ്റിപ്പിടിച്ച മഞ്ഞുകട്ടകൾ കുടഞ്ഞു കളഞ്ഞ ശേഷം ലിലാൻഡ് മുകളിലേക്ക് കയറുകയും ചെയ്തു.





പർവതാരോഹണത്തിനിടയിലെ ഏറ്റവും ഭയപ്പെടുത്തിയ അനുഭവം എന്ന കുറിപ്പോടെ ലിലാൻഡ് തന്നെയാണ് ഈ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. മഞ്ഞിടിച്ചിൽ ഉണ്ടാകുന്നതു കണ്ട് ഭയം തോന്നിയെങ്കിലും മനസ്സാന്നിധ്യം വീണ്ടെടുത്തില്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്ന് ഉറപ്പായിരുന്നു. പർവതത്തിന്റെ അഗ്രഭാഗത്ത് നിലയുറപ്പിച്ച ശേഷം ശ്വാസഗതി നിയന്ത്രിക്കുന്നതിലാണ്  ശ്രദ്ധ കേന്ദ്രീകരിച്ചത്. മഞ്ഞിന്റെ ഭാരം മൂലം താഴെ വീഴാതിരിക്കാൻ മലയോട് പരമാവധി ചേർന്ന് നിൽക്കാൻ ശ്രമിച്ചു. ശ്വാസം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാൻ തല കുനിച്ചു പിടിക്കുകയാണ് ചെയ്തത്. ഇടയ്ക്കുവച്ച് മഞ്ഞുകട്ടകൾ ശക്തമായി ദേഹത്ത് വീണപ്പോൾ  മരണത്തെ മുഖാമുഖം കണ്ടു എന്നും അദ്ദേഹം പറയുന്നു.





എന്തായാലും ഇച്ഛാശക്തികൊണ്ട് മരണത്തെ കബളിപ്പിച്ച അതിസാഹസികതയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ലക്ഷക്കണക്കിനാളുകളാണ് ഇൻസ്റ്റഗ്രാമിലൂടെ മാത്രം വിഡിയോ കണ്ടത്. ഇത്രയും ഭയാനകമായ ഒരു സാഹചര്യത്തെ മനോധൈര്യത്തോടെ അതിജീവിക്കാൻ കഴിഞ്ഞത് അദ്ഭുതമാണെന്ന തരത്തിലാണ് പ്രതികരണങ്ങൾ. ഭയം മൂലം വിഡിയോ കണ്ടു പൂർത്തിയാക്കാൻ  സാധിക്കുന്നില്ലെന്നും പ്രതികരണങ്ങളുണ്ട്.


Post a Comment

Previous Post Next Post