കവർച്ചാശ്രമത്തിനിടെ കൊലപാതകം; സിഎൻജി പമ്പിലെ 3 ജീവനക്കാരെ വെട്ടിക്കൊന്നു






ഹരിയാനയിലെ ഗുരുഗ്രാമില്‍ സിഎന്‍ജി പമ്പിലെ മൂന്ന് ജീവനക്കാരെ വെട്ടിക്കൊന്നു. കവര്‍ച്ചാശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് സംശയം. കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
പുലര്‍ച്ചെ 2.40 ഒാടെയാണ് ഗുരുഗ്രാം സെക്ട്ര്‍ 31 ലെ സിഎന്‍ജി പമ്പില്‍ അക്രമം അരങ്ങേറിയത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മൂന്നു പേരെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യുപി സ്വദേശികളായ ഭൂപേന്ദ്ര, പുഷ്പേന്ദ്ര, നരേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. പമ്പിലെ മാനേജര്‍, ഒാപ്പറേറ്റര്‍, പമ്പ് അറ്റന്‍ഡര്‍ എന്നീ ചുമതലകളില്‍ ഇവര്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.





കവര്‍ച്ച ശ്രമമാണെന്ന് സംശയിക്കുന്നതായും മറ്റ് കാരണങ്ങളും പരിശോധിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ പമ്പിലുണ്ടായിരുന്ന 10 ലക്ഷം രൂപയും കൊല്ലപ്പെട്ടവരുടെ കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടിട്ടില്ല. രണ്ട് പേരുടെ മൃതദേഹങ്ങള്‍ പമ്പ് മാനേജരുടെ മുറിയിലും ഒരാളുടെ മൃതദേഹം മുറിയ്്ക്ക് പുറത്തുമാണ് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കി.


Post a Comment

Previous Post Next Post