40 പൈസ അധികം ഈടാക്കിയതിന് കേസ്; കോടതിയുടെ സമയം കളഞ്ഞതിന് 4000 രൂപ പിഴ






ബില്ലിൽ 40 പൈസ അധികമായി ഈടാക്കിയതിൽ ബം​ഗളൂരുവിലെ ഹോട്ടലിനെതിരെ കേസ് കൊടുത്തു. എന്നാൽ കേസ് തള്ളിയെന്ന് മാത്രമല്ല, പബ്ലിസിറ്റിക്ക് വേണ്ടി കോടതിയുടെ സമയം പാഴാക്കിയതിന് ഹോട്ടലിന്റെ മാനേജിം​ഗ് ഡയറക്ടർക്ക് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.





സർക്കാർ നിയമങ്ങൾ അനുസരിച്ച് 50 പൈസയോ അതിൽ കൂടുതലോ ആണെങ്കിൽ റൗണ്ട് ചെയ്ത് ഒരു രൂപയാക്കാവുന്നതാണ്. 
2021 മെയ് 21ന് സെൻട്രൽ സ്ട്രീറ്റിലെ ഹോട്ടൽ എംപയറിൽ നിന്നും മൂർത്തി ഭക്ഷണം വാങ്ങിയപ്പോഴാണ് സംഭവം നടന്നത്. ഓർഡറിന്റെ ആകെ തുക 264.60 രൂപയായിരുന്നു. എന്നാൽ ജീവനക്കാർ 265 രൂപയാണ് ഈടാക്കിയത്. മൂർത്തി ജീവനക്കാരെ ചോദ്യം ചെയ്തെങ്കിലും അനുകൂല പ്രതികരണം ലഭിക്കാത്തതിനാൽ ഉപഭോക്തൃ ഫോറത്തെ സമീപിക്കുകയായിരുന്നു.






സേവനത്തിലെ അപാകത തനിക്ക് മാനസിക ആഘാതവും വേദനയും ഉണ്ടാക്കിയതായും മൂർത്തി പറഞ്ഞു. 
2021 ജൂണിൽ ആരംഭിച്ച കേസിൽ മൂർത്തിക്കെതിരായി ഹോട്ടലിനെ പ്രതിനിധീകരിച്ചെത്തിയത് അഭിഭാഷകരായ അംഷുമാൻ എം, ആദിത്യ ആംബ്രോസ് എന്നിവരാണ്. മൂർത്തിയുടെ പരാതി നിസ്സാരവും വിഷമകരവുമാണെന്ന് ഇരുവരും വാദിച്ചു.




 അധിക ചാർജ് ഈടാക്കിയത് നികുതിയായാണെന്നും, ഭക്ഷണത്തിനല്ലെന്നും 2017ലെ സെൻട്രൽ ​ഗുഡ്സ് ആന്റ് സെർവീസസ് ടാക്സ് ആക്ട് സെക്ഷൻ 170 പ്രകാരം ഇത് അനുവദനീയമാണെന്നും അഭിഭാഷകർ വാദിച്ചു.  
50 പൈസയിൽ താഴെയുള്ള തുക അവഗണിക്കണമെന്നും 50 പൈസയിൽ കൂടുതലെങ്കിൽ അടുത്ത രൂപയിലേക്ക് റൗണ്ട് ഓഫ് ചെയ്യാമെന്നും കോടതി ചൂണ്ടിക്കാട്ടി. 40 പൈസ ഈടാക്കിയതിൽ ഹോട്ടലിന്റെ ഭാഗത്ത് പിഴവില്ലെന്നും കോടതി അറിയിച്ചു.





പരാതിക്കാരൻ പബ്ലിസിറ്റിക്ക് വേണ്ടി  കോടതിയുടെയും എതിർകക്ഷിയുടെയും വിലപ്പെട്ട സമയം പാഴാക്കിയതിന് 30 ദിവസത്തിനുള്ളിൽ എതിർകക്ഷിക്ക് 2,000 രൂപ നഷ്ടപരിഹാരവും 2,000 രൂപ കോടതി ചെലവുകൾക്കായി നൽകാനും ഉത്തരവിട്ടു. 

Post a Comment

Previous Post Next Post