സംസ്ഥാനത്ത് 64,006 കുടുംബങ്ങള്‍ അതിദരിദ്രര്‍; ഒന്നാമത് മലപ്പുറം: കണക്കിതാ





സംസ്ഥാനത്ത് അറുപത്തിനാലായിരത്തി ആറുകുടുംബങ്ങള്‍ അതിദരിദ്രര്‍. ഭക്ഷ്യക്കിറ്റും സൗജന്യറേഷനും നൽകിയിട്ടും ഭക്ഷണം പാചകം ചെയ്തു കഴിക്കാൻ പോലുമാകാത്ത ആയിരത്തി എഴുനൂറ്റി മുപ്പത്തിയഞ്ച് കുടുംബങ്ങളുണ്ടെന്നും സര്‍ക്കാര്‍ സര്‍വെയില്‍ വ്യക്തമായി. എണ്ണായിരത്തി അഞ്ഞൂറ്റി അന്‍പത്തിമൂന്ന് അതിദരിദ്രകുടംബങ്ങളുള്ള മലപ്പുറമാണ് ഒന്നാം സ്ഥാനത്ത്. തലസ്ഥാന ജില്ലയാണ് രണ്ടാമത്. ഏഴായിരത്തി ഇരുനൂറ്റി എഴുപത്തിയെട്ട് കുടുബങ്ങള്‍ അതിദ്രരിദ്രര്‍.   




ജീവിത നിലവാരത്തിലും മറ്റ് സൗകര്യങ്ങളിലും കേരളമാതൃക വാഴ്ത്തപ്പെടുമ്പോള്‍ സംസ്ഥാനത്ത് ഇപ്പോഴും 64006 കുടുംബങ്ങള്‍ അതിദരിദ്രര്‍. ഇതില്‍  ഭക്ഷണം പാചകം ചെയ്തു കഴിക്കാൻ പോലുമാകാത്ത 1735 കുടുംബങ്ങള്‍ ഉള്‍പ്പെടുന്നു. ഇതിനു പുറമേ കാൻസർ ഉൾപ്പെടെ ഉള്ള ഗുരുതര രോഗങ്ങൾ മൂലം കിടപ്പുരോഗികളുള്ള 1622 കുടുംബങ്ങൾ ഉണ്ടെന്നും സർക്കാരിന്റെ അതീവ ദാരിദ്യ സർവേയിൽ കണ്ടെത്തി.  43,850 കുടുംബങ്ങൾ ഒറ്റയാൾ മാത്രം ഉള്ളവ. പട്ടികജാതി വിഭാഗം 12,763, പട്ടികവർഗ വിഭാഗം 3021, തീരദേശവാസികൾ 2737, എന്നിങ്ങനെയാണു സാമൂഹിക വിഭാഗം തിരിച്ചുള്ള കുടുംബങ്ങളുടെ കണക്ക്.





ട്രാൻസ്ജെൻഡർ അടങ്ങുന്ന എൽജിബിടി വിഭാഗക്കാരും എച്ച്ഐവി ബാധിതരും ഉൾപ്പെടുന്ന 4021 കുടുംബങ്ങളും അതീവദാരിദ്ര്യത്തിൽ കഴിയുന്നു. ഏറ്റവും കൂടുതൽ അതീവ ദരിദ്ര കുടുംബങ്ങൾ മലപ്പുറം ജില്ലയിലാണ് –8553. തിരുവനന്തപുരം തൊട്ടുപിന്നില്‍  –7278 ജില്ലകളിലെ ആകെ കുടുംബങ്ങളുടെ ശരാശരി കണക്കാക്കുമ്പോൾ വയനാട് ആണ് ഒന്നാമത് 1.24% പേരാണ്.





ഇതു വരെ വരുമാന അടിസ്ഥാനത്തിലാണു ദരിദ്രരെ കണ്ടെത്തിയിരുന്നത്. പുതിയ സര്‍വെയില്‍ ആരോഗ്യവും ജീവിതസാഹചര്യവും ഉൾപ്പെടെ വിവിധ ക്ലേശ ഘടകങ്ങൾ കൂടി വിലയിരുത്തി തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് അടിസ്ഥാനത്തിൽ 13 ലക്ഷത്തിലേറെപ്പേരുടെ സേവനം ഉപയോഗിച്ചുള്ള സർവേയെ തുടർന്നാണു അതിദരിദ്രരെ കണ്ടെത്തിയത്.





ആഹാരമില്ലാത്ത അവസ്ഥ, ഭക്ഷണം പാകം ചെയ്യാനാവാത്ത സ്ഥിതി, തെരുവിൽ കിടക്കുന്നവർ, നിശ്ചിത വരുമാനം മാത്രമായി ജീവിക്കാൻ പ്രയാസപ്പെടുന്നവർ, ജോലിക്കു പോകാനാകാത്ത സ്ഥിതി, പ്രകൃതിദുരന്തഭീഷണയുള്ള സ്ഥലത്തോ മാലിന്യക്കൂമ്പാരത്തിനു സമീപത്തോ വീട് തുടങ്ങിയവ മാനദണ്ഡമാക്കി നടത്തിയ സർവേ വിവരങ്ങൾ ജില്ലാതലത്തിൽ പരിശോധിച്ച് പിന്നീട് ഗ്രാമ, വാർഡ് സഭകളും തദ്ദേശസ്ഥാപന സമിതികളും അംഗീകരിച്ചാണ് പട്ടിക തയാറാക്കിയത്.




2002ൽ വിശപ്പുരഹിത കേരളം ലക്ഷ്യമിട്ടു ആരംഭിച്ച ആശ്രയ പദ്ധതിയിലെ ഗുണഭോക്താക്കളായ 1.54 ലക്ഷം പേരെ സർവേയിൽ ഉൾപ്പെടുത്തിയിരുന്നില്ല. . രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരമൊരു സർവെ. 

Post a Comment

Previous Post Next Post