ഭാര്യയെ അപമാനിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തു; അടിയേറ്റ് ഭർത്താവിനു ദാരുണാന്ത്യം






കാട്ടാക്കട : ഭാര്യയെ അപമാനിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തപ്പോൾ അക്രമിയും സഹോദരിയും ചേർന്ന് തലയക്ക്ടിച്ചു വീഴ്ത്തിയ പശ്ചിമബംഗാൾ സ്വദേശിയായ തൊഴിലാളി മരിച്ചു. മൂന്നു കൊല്ലമായി മാറനല്ലൂർ അഴകത്ത് വാടകയ്ക്ക് താമസിക്കുന്ന പശ്ചിമബംഗാൾ നാദിയ ജില്ലയിൽ തെഹത്താ സ്വദേശി സഹജമാൽ ഷെയ്ഖ്(34) ആണ് കൊല്ലപ്പെട്ടത്. ആക്രമിച്ച നെല്ലിക്കാട് കുളപ്പള്ളി വീട്ടിൽ ഉദയകുമാർ(48), സഹോദരി ബിന്ദുലേഖ(42) എന്നിവരെ റിമാൻഡ് ചെയ്തു.





ചൊവ്വാഴ്ചയാണ് സംഭവം. മദ്യപിച്ചെത്തിയ ഉദയകുമാർ(48), സമീപവാസിയായ സഹജമാൽ ഷെയ്ഖിന്റെ ഭാര്യയെ കയ്യിൽ കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു.സഹജമാൽ ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ ഉദയകുമാറും സഹോദരി ബിന്ദുലേഖയും ചേർന്ന് സഹജമാൽ ഷെയ്ഖിനെ ആക്രമിച്ചു. ബിന്ദുലേഖ തടിക്കഷ്ണംകൊണ്ട് തലയ്ക്ക് അടിച്ചു. ബോധം കെട്ടുവീണ സഹജമാൽ പിന്നീടു മരിച്ചു.




വെൽഡിങ് ജോലിക്കാരനായിരുന്നു. മൃതദേഹം വള്ളൈക്കടവ് ഖബർസ്ഥാനിൽ സംസ്കരിച്ചു. ഭാര്യ: നർദീഷ് ഷെയ്ഖ്. മക്കൾ: മീം,ഷഹനാജ്. തലയുടെ പിൻഭാഗത്ത് അടിയേറ്റ് തലയോട്ടി തകർന്ന് ആന്തരിക രക്തസ്രാവം മൂലമാണ് മരണം. ഭാര്യയെ മർദിച്ച കേസിൽ ഒരു മാസത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയതാണ് ഉദയകുമാർ.

Post a Comment

Previous Post Next Post