ഒറ്റപ്പാലം കാഞ്ഞിരക്കടവിൽ വീടിനു മുന്നിൽ സൂക്ഷിച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. വിണ്ടുകീറിയ സിലിണ്ടർ ഉയർന്ന ശബ്ദത്തോടെ മുകളിലേക്കു തെറിച്ചാണ് നിലത്തു വീണത്. സിലിണ്ടർ മുറ്റത്തായിരുന്നതും തീപടരാതിരുന്നതും അത്യാഹിതം ഒഴിവാക്കി.
കാഞ്ഞിരക്കടവ് കുളത്തിങ്കൽ ഷെരീഫിന്റെ വീട്ടിൽ ഉച്ചയ്ക്കായിരുന്നു അപകടം. വീടിന്റെ പൂമുഖത്തോടു ചേർന്ന് മുറ്റത്തായിരുന്നു ഗ്യാസ് സിലിണ്ടർ. ഉയർന്ന ശബ്ദത്തോടെ പെട്ടെന്നാണു പൊട്ടിത്തെറിച്ചത്.
പൊട്ടിത്തെറിച്ച് നിലത്തു നിന്നു മുകളിലേക്കു തെറിച്ച സിലിണ്ടർ വീടിനു മുന്നിലെ മേൽക്കൂരയിൽ തട്ടിയാണ് തിരിച്ചു വീണത്. ഓടു മേഞ്ഞ മേൽക്കൂരയ്ക്കു കേടുപാടു സംഭവിച്ചു. ഇതിനകം മുറ്റമാകെ കറുത്ത പുക വ്യാപിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. കഴിഞ്ഞദിവസം ഉച്ച കഴിഞ്ഞാണ് സിലിണ്ടർ ഇറക്കിയിരുന്നത്. സിലിണ്ടർ പുറത്തായിരുന്നതും തീപടരാതിരുന്നതുമെല്ലാം വലിയ അപകടം ഒഴിവാക്കി. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ലെന്നും വിദഗ്ധർ എത്തി സിലിണ്ടർ പരിശോധിക്കുമെന്നും ഏജൻസി അധികൃതർ അറിയിച്ചു.
Post a Comment