‘ആ ഫോൺവിളിക്ക് പിന്നിലുള്ളവരെ ചോദ്യം ചെയ്യണം’.. കല്ല് കൊണ്ടും ക്രൂരമർദനം; യുവാവ് മരിച്ചു




ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വഴിയിൽ തടഞ്ഞ് ആക്രമിച്ച യുവാവ് ആശുപത്രിയിൽ മരിച്ചു. ചേപ്പാട് മുട്ടം കണിച്ചനെല്ലൂർ കരിക്കാത്ത് വീട്ടിൽ ശബരി (28) ആണ് ഇന്നലെ വൈകിട്ടു മൂന്നരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.




കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടു ബൈക്കിൽ പോയ ശബരിയെ പള്ളിപ്പാട് നീറ്റൊഴുക്ക് ജംക്‌ഷനു സമീപം ഡിവൈഎഫ്ഐ പള്ളിപ്പാട് മുൻ മേഖലാ സെക്രട്ടറി മുട്ടം കാവിൽ തെക്കതിൽ സുൽഫിത്തിന്റെ നേതൃത്വത്തിലാണ് ആക്രമിച്ചത്.
ഹെൽമറ്റ്, വടി, കല്ല് എന്നിവ കൊണ്ടു തലയിലും മുഖത്തും ഉൾപ്പെടെ മർദിക്കുകയായിരുന്നു. തലയോട്ടിക്കു പൊട്ടലും തലച്ചോറിനു ക്ഷതവുമേറ്റു.




ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയിൽ റോഡിൽ കിടന്നിട്ടും പ്രതികളെ ഭയന്ന് ആശുപത്രിയിലെത്തിക്കാൻ ആരും തയാറായില്ല. പൊലീസെത്തിയാണ് ആശുപത്രിയിലാക്കിയത്. സംഭവത്തെത്തുടർന്ന് സുൽഫിത്തിനെ ഡിവൈഎഫ്ഐ പുറത്താക്കിയിരുന്നു. അറസ്റ്റിലായ ഒന്നാം പ്രതി സുൽ‍ഫിത്ത് (26), മൂന്നാം പ്രതി മുട്ടം കോട്ടയ്ക്കകം കണ്ണൻ ഭവനത്തിൽ കണ്ണൻമോൻ (24), നാലാം പ്രതി മുതുകുളം ചൂളത്തേതിൽ വടക്കതിൽ അജീഷ് (28) എന്നിവർ റിമാൻഡിലാണ്.




8 പ്രതികളാണുള്ളത്. ആഴ്ചകൾക്കു മുൻപ് പൊലീസെന്ന വ്യാജേന ഒരാൾ ഒന്നിലേറെത്തവണ സുൽഫിത്തിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നെന്നു പൊലീസ് പറയുന്നു. അതു ശബരിയാണെന്നു തെറ്റിദ്ധരിച്ചാണ് ആക്രമിച്ചത്. സുൽഫിത്തും കൂട്ടരും ശബരിയെ മർദിക്കുന്നതിനിടെ അവിടെയെത്തിയ നാലാം പ്രതി അജീഷും ഹെൽമറ്റ് കൊണ്ട് അടിച്ചു.




തന്റെ ബന്ധുവായ സ്ത്രീയുമായി സംസാരിച്ചതു ചോദ്യംചെയ്താണ് അജീഷ് ആക്രമിച്ചതെന്ന് സിഐ ബിജു വി.നായർ പറഞ്ഞു. മൃതദേഹം ഇന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം ചെയ്യും. ബാലകൃഷ്ണനാണ് ശബരിയുടെ പിതാവ്. മാതാവ്: സുപ്രഭ. സഹോദരൻ: ശംഭു. ‘ചേപ്പാട് വില്ലേജ് ഓഫിസ് റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് തന്നോടൊപ്പം നിൽക്കുമ്പോഴാണു മകനു ഫോൺകോൾ വരുന്നതും പെട്ടെന്ന് ബൈക്കിൽ പോകുന്നതും... അതിനു പിന്നിൽ ഇത്ര വലിയ ക്രൂരതയുണ്ടായിരുന്നുവെന്നു കരുതിയില്ല’ – ശബരിയുടെ പിതാവ് കെ.ബാലകൃഷ്ണൻ കണ്ണീരോടെ പറയുന്നു.




‘കരാർ ജോലി ചെയ്യുന്ന എന്നെ സഹായിക്കുന്നതു ശബരിയാണ്. ഇതുവരെ ആരോടും വൈരാഗ്യത്തോടെ പെരുമാറാത്ത ശബരിയോട് എന്തിനീ ക്രൂരത കാട്ടിയെന്ന് മനസ്സിലാകുന്നില്ല. ശബരിയുടെ ഫോൺ ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഫോണിലേക്ക് മാർച്ച് 17നു വൈകിട്ട് 5.45ന് അവസാനമായി വിളിച്ചവരെ വിശദമായി ചോദ്യം ചെയ്താൽ കൃത്യമായ കാരണം അറിയാനാകും. അതിനുള്ള ആർജവം പൊലീസ് കാട്ടണം’ – ബാലകൃഷ്ണൻ പറഞ്ഞു.




തന്റെ വീട്ടിൽ ബുള്ളറ്റിൽ പൊലീസാണെന്നു പറഞ്ഞ് രണ്ടുമൂന്നു തവണ എത്തിയ ആൾ പൊലീസല്ലെന്നു മനസ്സിലായതോടെ, പ്രദേശത്തു കൂടി ബുള്ളറ്റിൽ സഞ്ചരിച്ച പലരെയും സുൽഫിത്തിന്റെ നേതൃത്വത്തിൽ തടഞ്ഞു ചോദ്യം ചെയ്തിരുന്നെന്നു പൊലീസ്.  അതിനിടയിലാണ് ശബരി ബുള്ളറ്റിൽ അതുവഴി പോയത്. റോഡരികിലൂടെ നടന്നുപോയ സ്ത്രീയുമായി ശബരി സംസാരിക്കുകയും ചെയ്തു.




അരമണിക്കൂറിനു ശേഷം ശബരി തിരിച്ചുവന്നപ്പോൾ പ്രതികൾ തടഞ്ഞുനിർത്തി ചോദ്യംചെയ്തു. ഇതെത്തുടർന്നുള്ള തർക്കമാണ് ക്രൂരമർദനത്തിൽ കലാശിച്ചത്.

Post a Comment

Previous Post Next Post