കെഎസ്ഇബിയിൽ നിന്നാണെന്നു പറഞ്ഞ് കോൾ വന്നാൽ സൂക്ഷിക്കുക; വൻതട്ടിപ്പ് SNEWS






കെ.എസ്.ഇ.ബിയുടെ പേരിൽ നിങ്ങൾക്കും ഒരു വ്യാജസന്ദേശം  ലഭിച്ചേക്കാം. അതിൽ കുടുങ്ങി പണമിടപാടു നടത്തിയാൽ ധനനഷ്ടവും മാനഹാനിയും സംഭവിക്കുമെന്ന് ഉറപ്പ്. രണ്ടു മാസത്തിനിടെ  ഇത്തരത്തിൽ പണം നഷ്ടപ്പെട്ട നൂറോളം പേരാണ് പരാതി നൽകിയത്. അൻപതിനായിരത്തിലധികം രൂപ പലർക്കും നഷ്ടപ്പെട്ടിട്ടുണ്ട്. അസം, അരുണാചൽ പ്രദേശ്, നാഗാലാന്റ് എന്നിവിടങ്ങളിൽ നിന്നുള്ള തട്ടിപ്പു സംഘമാണ് ഇതിനു പിന്നിലുള്ളതെന്ന് പോലീസ് കണ്ടെത്തി. കുറ്റകൃത്യങ്ങളിൽ വിദഗ്ദ്ധരായ നൈജീരിയൻ സ്വദേശികളെ കൂട്ടുപിടിച്ചാണ് ഇവർ തട്ടിപ്പു നടത്തുന്നത്.






തട്ടിപ്പ് ഇങ്ങനെ
കെ.എസ്.ഇ.ബി സൈറ്റിലെ ചെറിയ പിഴവു മുതലാക്കിയാണ് തട്ടിപ്പ്.www.kseb.in എന്ന സൈറ്റിൽ പ്രവേശിച്ച് കൺസ്യൂമർ നമ്പർ നൽകേണ്ട സ്ഥലത്ത് ഏതെങ്കിലും ഒരു നമ്പർ നൽകും. മുന്നിൽ വരുന്ന ഉപഭോക്താവിന്റെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർത്തും. പിന്നെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെന്നു പറഞ്ഞ് വിളിക്കും.
ബില്ലിൽ പിഴവ് സംഭവിച്ചെന്നും ഉടൻ പണമടച്ചില്ലെങ്കിൽ വൈദ്യുതി കണക്ഷൻ വിഛേദിക്കുമെന്നും അറിയിക്കും. പിന്നീട് മൊബൈലിൽ പണമടയ്ക്കാനുള്ള ലിങ്ക് ഉൾപ്പെടെ SMS ലഭിക്കും. ലിങ്കിലൂടെ പണം അടയ്ക്കുന്നതോടെ പണം തട്ടിപ്പു സംഘത്തിന്റെ അക്കൗണ്ടിലെത്തും.





പണം തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ  വെബ് സൈറ്റിൽ സുരക്ഷ ഒരുക്കിയതായി കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. വെബ് സൈറ്റിൽ നിന്ന് ഫോൺ നമ്പർ ഉൾപ്പെടെയുള്ള വ്യക്തി വിവരങ്ങൾ നീക്കി. യൂസർ ഐഡിയും പാസ് വേഡും നൽകി റജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ കെ.എസ്.ഇ.ബി അധികൃതരുമായി ബന്ധപ്പെട്ടു മാത്രമേ പണമിടപാട് നടത്താവൂ എന്നും അറിയിപ്പിൽ പറയുന്നു.


Post a Comment

Previous Post Next Post