വാളയാർ മലനിരകളിൽ കത്തിപ്പടർന്ന് കാട്ടുതീ; നിയന്ത്രണ വിധേയമാക്കാനായില്ല






വേനൽ കടുത്തതോടെ പാലക്കാടിന്റെ വനത്തിലും വനാതിർത്തിയിലും കാട്ടുതീ പടരുകയാണ്. രണ്ട് ദിവസമായി വാളയാർ മലനിരകളിൽ കത്തിപ്പടരുന്ന തീ ഇതുവരെയും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. കൂടുതല്‍ ഇടങ്ങളിലേക്ക് അഗ്നിബാധയെത്താതിരിക്കാന്‍ പ്രതിരോധം തുടങ്ങിയതായി വനംവകുപ്പ് അറിയിച്ചു. 




പൊള്ളുന്ന ചൂടെന്ന വാക്കിന്റെ വ്യാപ്തി പാലക്കാട്ടുകാര്‍ പലപ്പോഴും അറിഞ്ഞിട്ടുള്ളതാണ്. ഇത്തവണയും തീവ്രത പാരമ്യത്തിലാണ്. താപസൂചിക 42 ഡിഗ്രി എന്ന നിലയില്‍ തുടരുന്നത് പ്രകൃതിസമ്പത്തിനും കാര്യമായ കുറവ് വരുത്തുന്നുണ്ട്. ചൂടിനൊപ്പം കാട്ടുതീയും പാലക്കാടിനെ പൊള്ളിക്കുന്ന അനുഭവമാണ് കഴിഞ്ഞദിവസങ്ങളിലേത്. ജൈവ വൈവിധ്യങ്ങളുടെ കലവറയായ വനഭൂമിയാണ് വാളയാറിൽ ഇങ്ങനെ കത്തി നശിക്കുന്നത്.





കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടർന്നു പിടിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. കുത്തനെയുള്ള പാറക്കൂട്ടത്തില്‍ ഉള്‍പ്പെടെ തീ പടരുന്നതാണ് കെടുത്താനുള്ള പ്രതിസന്ധി. വാളയാറില്‍ മാത്രം ഇതിനകം മൂന്ന് കിലോമീറ്ററിലധികം കാട് കത്തിനശിച്ചു. വനത്തിനുള്ളിൽ അതിക്രമിച്ചു കടന്നവരാണ് തീയിട്ടതെന്നാണ് നാട്ടുകാർ പറയുന്നത്.





ചൂടിന്റെ കാഠിന്യമേറുമ്പോള്‍ തീ അണയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ നികത്താനാകാത്ത വനസമ്പത്ത് അപ്രത്യക്ഷമാകും. വന്യമൃഗങ്ങൾ കാടിറങ്ങാനുള്ള സാധ്യതയും കൂടിയതിനാല്‍ പ്രദേശവാസികൾ ഏറെ ആശങ്കയിലാണ്.

Post a Comment

Previous Post Next Post