കസ്റ്റഡിയിലിരിക്കെ മരണം; രാത്രിയും പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധവുമായി സുരേഷിന്റെ കുടുംബം





തിരുവല്ലം പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷ് കുമാറിന്റെ അമ്മയും ബന്ധുക്കളും പൊലീസ് സ്റ്റേഷന് മുന്നില്‍ രാത്രി വൈകിയും പ്രതിഷേധിക്കുകയാണ്. സുരേഷ് കുമാറിന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും കുടുംബം അറിയിച്ചു. കുടുംബത്തിന്റെ പ്രതിഷേധത്തിന് കെപിസിസി ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍, കോവളം എം എല്‍ എ യായ എം. വിന്‍സന്റ് എന്നിവര്‍ നേതൃത്വം നല്‍കി.




ഇന്നാണ് ജഡ്ജിക്കുന്ന് സ്വദേശി സുരേഷ് മരിച്ചത്. തിരുവല്ലം പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മരണവിവരം പുറത്തുവന്നതിനു പിന്നാലെ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിക്കുകയാണ്. കസ്റ്റഡി മരണമാണെന്നാണ് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്.




ദമ്പതികളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഇന്നലെ രാത്രി എട്ടരയോടെയാണ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തിരുവല്ലം പൊലീസ് സ്റ്റേഷനിലേക്ക് ഇയാളെ കൊണ്ടുവന്നു. ഇന്ന് രാവിലെ 9 മണിയോടെ സുരേഷിന് ദേഹാസ്വസ്ഥ്യവും തളര്‍ച്ചയും ഉണ്ടായി. തുടര്‍ന്ന് ഇയാളെ ആദ്യം പൂന്തുറ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളജിലേക്ക് പോകും വഴി ആരോഗ്യനില വഷളായതിനാല്‍ അനന്തപുരിയി സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. പക്ഷേ, സുരേഷിനെ രക്ഷിക്കാനായില്ല.


Post a Comment

Previous Post Next Post