രാത്രി വടിവാളുമായി അക്രമിയുടെ വിളയാട്ടം; സ്റ്റേഷൻ ഉപരോധിച്ച് സ്ത്രീകൾ; നാടകീയം






ഏറ്റുമാനൂർ: പട്ടിത്താനം പൊയ്കപ്പുറം രാജീവ് ഗാന്ധി കോളനിയിൽ രാത്രി ഗുണ്ടാവിളയാട്ടം. ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകാത്തതിൽ പ്രതിഷേധിച്ച് അംഗപരിമിതയടക്കം 6 സ്ത്രീകളും 2 കുട്ടികളും ഉൾപ്പെടെയുള്ളവർ പൊലീസ് സ്റ്റേഷനിൽ പായ് വിരിച്ചു കിടന്ന് ഉപരോധസമരം നടത്തി.




ഇന്നലെ രാത്രി 7.30നാണു സംഭവങ്ങളുടെ തുടക്കം. രാജീവ് ഗാന്ധി കോളനിയുടെ സമീപത്തെ ഷറഫ്നിസ(48)യുടെ കടയിൽ വടിവാളുമായി എത്തിയ നവാസ് എന്നയാളാണു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അസഭ്യം പറഞ്ഞാണ് ഇയാൾ എത്തിയത്. ഇതിനിടെ വടിവാൾ വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. തൊട്ടടുത്ത വീട്ടിൽ ഷറഫ്നിസയുടെ അമ്മ അംഗപരിമിതയായ ഐഷയും (76) 2 കുട്ടികളും ഉണ്ടായിരുന്നു. ഇവരെയും ഇയാൾ ഭീഷണിപ്പെടുത്തി. പൊലീസിനു നേരെ വടിവാൾ വീശുകയും കല്ലെറിയുകയും ചെയ്തു. 





പരാതിയുമായി സ്റ്റേഷനിൽ എത്തിയെങ്കിലും തങ്ങളുടെ മൊഴിയെടുക്കാൻ പൊലീസ് തയാറായില്ലെന്ന് ഐഷ ഉൾപ്പെടെയുള്ളവർ ആരോപിച്ചു. തുടർന്ന് ഇവർ ഉപരോധം നടത്തി. നഗരസഭാധ്യക്ഷ ലൗലി ജോർജ് എത്തിയെങ്കിലും പൊലീസിന് അനുകൂലമായ നിലപാടാണു സ്വീകരിച്ചതെന്നു ഷറഫ്നിസ ആരോപിച്ചു. മന്ത്രി വി.എൻ.വാസവൻ ഫോണിൽ വിളിച്ചു വിവരം അന്വേഷിച്ചതിനെത്തുടർന്ന് ഏറ്റുമാനൂർ എസ്എച്ച്ഒ സി.ആർ.രാജേഷ്കുമാറിന്റെ നേതൃത്വത്തിൽ നവാസിനെ രാത്രി പന്ത്രണ്ടോടെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന പരാതിക്കാർക്കു നേരെ ആക്രോശിച്ച നവാസ് ഭീഷണി മുഴക്കി.

Post a Comment

Previous Post Next Post