സംശയം; കരിങ്കല്ലും ടൈലും കൊണ്ട് ഭർത്താവിനെ തലയ്ക്കടിച്ച് കൊന്ന് ഭാര്യ





തിരുവനന്തപുരം പാലോട് ഭാര്യ ഭർത്താവിനെ തലയ്ക്ക് അടിച്ച് കൊന്നു. പാലോട് കുറുപുഴ സ്വദേശി ഷിജു ആണ് മരിച്ചത്. ഭാര്യ സൗമ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിലുള്ള സംശയമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.





കരിങ്കല്ലും ടൈലും കൊണ്ട് തലയ്ക്ക് അടിച്ചാണ് സൗമ്യ ഭര്‍ത്താവായ ഷിജുവിനെ കൊല്ലുന്നത്. തല ചിതറുന്ന തരത്തില്‍ പൊട്ടലേറ്റ ഷിജു തല്‍ക്ഷണം മരിച്ചു. പ്രവാസിയായ ഷിജു നാട്ടിലെത്തി പത്താം ദിവസമായിരുന്നു അരുംകൊല. കൊലയുടെ കാരണമാകട്ടെ സംശയരോഗവും. ഇന്നലെ രാത്രി വീടിന് സമീപത്തെ ക്ഷേത്രത്തില്‍  ശിവരാത്രി ഉത്സവം കാണാന്‍ ഇരുവരും മക്കളെയും കൂട്ടി പോയിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെയാണ് കൊല നടത്തിയത്. ഭര്‍ത്താവിനെ കൊന്ന വിവരം സൗമ്യ തന്നെ ക്ഷേത്രത്തില്‍ തിരിച്ചെത്തി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. 





37 കാരനായ ഷിജുവിന് മറ്റ് ബന്ധങ്ങളുള്ളതായി സൗമ്യ സംശയിച്ചിരുന്നു. ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഷിജു ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചു. ഫോണ്‍ കാണിക്കാന്‍ സൗമ്യ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ഇതിനെ ചൊല്ലി തര്‍ക്കമുണ്ടായതിനിടെയാണ് പിന്നില്‍ നിന്നെത്തി തലക്ക് അടിച്ചത്.  തിരുവനന്തപുരം റൂറല്‍ എസ്.പി ദിവ്യാ ഗോപിനാഥിന്റെ നേതൃത്വത്തിലാണ് അന്വേഷണം. 

Post a Comment

Previous Post Next Post