'ലൈസൻസ് തരുമോ സാർ'; അമ്മ അറിയാതെ സ്റ്റേഷനിലെത്തി കുരുന്ന്; മിഠായി നല്‍‍കി പൊലീസ്





റോഡിലൂടെ സൈക്കിൾ ചവിട്ടാനുള്ള ലൈസൻസ് തേടി പൊലീസ് സ്റ്റേഷനിലെത്തി നാലാം ക്ലാസുകാരൻ. നെടുങ്കണ്ടം സ്വദേശി ദേവനാഥാണ് നിവേദനവുമായി പൊലീസിനെ സമീപിച്ചത്.




നോട്ട് ബുക്കിലെ കടലാസിൽ ദേവനാഥ് തയ്യാറാക്കിയ അപേക്ഷ ഇങ്ങനെ.. സാർ, എനിക്ക് സൈക്കിൾ ഓടിക്കാൻ അനുവാദം തരണം. റോഡിൽ കൂടി ഓടിക്കാൻ ലൈസൻസ് തരണം. താഴ്മയോടെ അപേക്ഷിക്കുന്നു. നന്ദി.’ മൂന്ന് മാസം മുൻപ് വിദേശത്ത് നിന്നെത്തിയ അമ്മാവൻമാരാണ് ദേവനാഥിന് ​ഗിയറുള്ള സൈക്കിൾ സമ്മാനിച്ചത്. 




സൈക്കിൾ ചവിട്ടാൻ പഠിച്ചതോടെ സ്കൂളിലേക്ക് സൈക്കിളിൽ പോകാൻ അനുവാദം വേണമെന്നായി ആവശ്യം. റോഡിലൂടെ സൈക്കിൾ ഓടിക്കണമെങ്കിൽ ലൈസൻസ് വേണമെന്ന് അമ്മ പറഞ്ഞതോടെ ദേവനാഥ് പ്രതിസന്ധിയിലായി. ലൈസൻസില്ലാതെ റോഡിലൂടെ ചവിട്ടിയാൽ പൊലീസ് പിടിക്കുമെന്നും പറഞ്ഞു.




ഇതോടെയാണ് അച്ഛനും അമ്മയും വീട്ടിൽ ഇല്ലാതിരുന്ന തക്കം നോക്കി ദേവനാഥ് പൊലീസ് സ്റ്റേഷനിലെത്തി നിവേദനം നൽകിയത്. അപേക്ഷ വാങ്ങി വച്ച പൊലീസുകാർ മിഠായി നൽകി ദേവനാഥിനെ അച്ഛനുമമ്മയ്ക്കുമൊപ്പം മടക്കി അയച്ചു. 

Post a Comment

Previous Post Next Post