പിതാവില്ലാതെ കുഞ്ഞുങ്ങളെ ജനിപ്പിക്കാം, ചൈനയിലെ പരീക്ഷണം വിജയമെന്ന് റിപ്പോർട്ട്




ഭാവിയില്‍ പിതാവില്ലാത്ത കുഞ്ഞുങ്ങള്‍ സാധ്യമാണെന്ന് ശാസ്ത്രത്തിന്റെ കണ്ടെത്തല്‍. ഇതിന്റെ ആദ്യ പടിയായി പിതാവില്ലാത്ത എലിക്കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ് ചൈനീസ് ശാസ്ത്രജ്ഞര്‍.



പ്രകൃതിയില്‍ പക്ഷികളിലും പല്ലികളിലും പാമ്പുകളിലും സ്രാവുകള്‍ അടക്കം പലയിനം മത്സ്യങ്ങളിലും ‘കന്യാ ജനനം’ എന്ന് വിശേഷിപ്പിക്കുന്ന പാത്തെനോജെനെസിസിലൂടെ പിതാവിന്റെ സഹായമില്ലാതെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാറുണ്ട്. എന്നാല്‍ ആദ്യമായാണ് ഇത് പരീക്ഷണശാലയില്‍ സാധ്യമായിരിക്കുന്നത്. 
ആണ്‍ ജനിതക ഡിഎന്‍എയുടെ സഹായമില്ലാതെ തന്നെ കന്യാ ജനനം സാധ്യമാക്കുന്നതിലാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ വിജയിച്ചിരിക്കുന്നത്.



മാതാപിതാക്കളുടെ ജനിതകഘടനയില്‍ ഏത് ഭാഗമാണ് കുഞ്ഞുങ്ങളില്‍ സജീവമാകേണ്ടതെന്ന തീര്‍പ്പ് കല്‍പിക്കുന്ന ജെനോമിക് ഇംപ്രിന്റ് നടക്കാത്തതു കാരണം ഇതുവരെ സസ്തനികളില്‍ കന്യാജനനം സാധ്യമായിരുന്നില്ല. സസ്തനികളിലും കന്യാജനനം സാധ്യമാണെന്ന് ഷാങ്ഹായ് ജിയാവോ തോങ് സര്‍വകലാശാലയിലെ യാന്‍ചെങ് വെയും സഹപ്രവര്‍ത്തകരും തെളിയിച്ചിരിക്കുകയാണ്. ഡിഎന്‍എയില്‍ തിരുത്തല്‍ വരുത്തി ജനിതക സജീവതയില്‍ മാറ്റം വരുത്തിക്കൊണ്ടാണ് ഇത് സാധ്യമായിരിക്കുന്നത്. 



എലിയുടെ വളര്‍ച്ചയെത്തിയ അണ്ഡത്തില്‍ ബീജം വഴി സ്വാധീനം ചെലുത്തുന്ന പ്രധാനപ്പെട്ട ഏഴ് മേഖലകളിലെ ജനിതക രേഖകളില്‍ മാറ്റം വരുത്തുകയാണ് ഇവര്‍ ചെയ്തത്. ഇങ്ങനെ മാറ്റിയെടുത്ത അണ്ഡം പെൺ എലികളില്‍ നിക്ഷേപിക്കുകയായിരുന്നു. തുടര്‍ന്ന് സ്വാഭാവിക ഗര്‍ഭാവസ്ഥകളിലൂടെ കടന്നുപോയി എലികുഞ്ഞുങ്ങള്‍ ജനിക്കുകയും ചെയ്തു. 
ഇത്തരത്തില്‍ ചൈനീസ് ശാസ്ത്രജ്ഞര്‍ പുരുഷ സഹായമില്ലാതെ ജനിപ്പിച്ച എലിക്കുഞ്ഞുങ്ങളില്‍ ഒരെണ്ണം മാത്രമാണ് പൂര്‍ണവളര്‍ച്ചയിലെത്തിയത്.



കൂടുതല്‍ ഗവേഷണം മേഖലയില്‍ നടക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് ഈ ഫലം കാണിക്കുന്നത്. പുരുഷ ബീജങ്ങളുടെ ഇടപെടലില്ലാതെ കൃത്രിമമായി അണ്ഡങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി ഭ്രൂണമാക്കി വളര്‍ത്തിയെടുക്കാനായെന്നത് ശാസ്ത്ര ലോകത്തിന്റെ വലിയ നേട്ടമായാണ് കരുതപ്പെടുന്നത്. 
സസ്തനികളിലെ പരീക്ഷണ വിജയത്തിലൂടെ ഇതേ സാങ്കേതികവിദ്യ കൃഷി, വൈദ്യശാസ്ത്രം തുടങ്ങി വൈവിധ്യമുള്ള പല മേഖലകളില്‍ കൂടി ഉപയോഗിക്കാനാകുമെന്നും ചൈനീസ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.



ആണ്‍ ബീജങ്ങളില്ലാതെ അണ്ഡം ഭ്രൂണമാകുന്ന പ്രക്രിയ സാധാരണ ചെറു ജീവജാലങ്ങളായ ഉറുമ്പ്, കടന്നല്‍, തേനീച്ച എന്നിവയിലെല്ലാം കണ്ടുവരുന്നുണ്ട്. എന്നാല്‍ കൂടുതല്‍ സങ്കീര്‍ണമായ സസ്തനികളില്‍ ഇത്തരം രീതികള്‍ സ്വാഭാവികമല്ല. പ്രൊസീഡിങ്‌സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലിലാണ് ചൈനീസ് ഗവേഷകരുടെ ശാസ്ത്ര നേട്ടത്തിന്റെ ഗവേഷണം പൂര്‍ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post