KANNUR MASJID CASE കണ്ണൂരിൽ സാമൂഹ്യവിരുദ്ധർ പള്ളിയിൽ അതിക്രമിച്ച് കയറി ചാണകം വിതറി; അതിക്രമം ജുമുഅ പ്രാർത്ഥനയ്ക്ക് ശേഷം




കണ്ണൂർ: മുഹിയുദ്ദീൻ പള്ളിയിൽ സാമൂഹ്യവിരുദ്ധർ ചാണകം വിതറിയ സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി രാഷ്ട്രീയനേതൃത്വം. പ്രതികളെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് വിവിധ രാഷ്ട്രീയ പ്രതിനിധികൾ ആവശ്യപ്പെട്ടു.


ഇന്നലെ ജുമാ പ്രാർത്ഥന കഴിഞ്ഞ് ആളുകൾ പിരിഞ്ഞുപോയ ശേഷമാണ് സംഭവം. പള്ളിക്കുള്ളിൽ അതിക്രമിച്ച്  കയറിയ മൂന്നംഗ സംഘം അംഗശുദ്ധി വരുത്താൻ ഉപയോഗിക്കുന്ന ജലസംഭരണിയിൽ ചാണകം കലർത്തി.  അകംപള്ളിയിലും പ്രസംഗപീഠത്തിന് സമീപവും ചാണകം വിതറുകയും ചെയ്തു. പള്ളിയിലെ ജീവനക്കാരൻ ഭക്ഷണം കഴിച്ച ശേഷം മടങ്ങി വരുമ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്


കണ്ണൂർ ഡി.​ഐ.ജി രാഹുൽ ആർ നായർ, സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.മതസൗഹാര്‍ദ്ദം തകര്‍ത്ത് കണ്ണൂരിന്‍റെ മണ്ണിനെ കലാപഭൂമിയാക്കാനുള്ള ക്ഷുദ്രശക്തികളുടെ ഗൂഢനീക്കത്തിന്‍റെ ഭാഗമാണ് ടൗൺ മുഹിയുദ്ദീൻ പള്ളിയിൽ ചാണകം വിതറി മലീമസമാക്കാൻ ശ്രമിച്ചതെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി പറഞ്ഞു. മതേതരമൂല്യങ്ങളും സാഹോദര്യവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുന്ന പ്രബുദ്ധരായ ജനതയാണ് കണ്ണൂരിലേത്.


ഇത്തരം നികൃഷ്ട ജന്മങ്ങളുടെ ചതിക്കുഴിയിലകപ്പെടാതിരിക്കാനുള്ള വിവേകം നമ്മുടെ സഹോദരങ്ങള്‍ക്കുണ്ടെന്ന ഉത്തരമബോധ്യമുണ്ട്.  സാമൂഹ്യവിരുദ്ധരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍  മതേതരവിശ്വാസികള്‍ തയ്യാറാകണം. നാട്ടില്‍ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ച നീചശക്തികളെ എത്രയും വേഗം കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകണം എന്നും സുധാകരന്‍ ആവശ്യപ്പെട്ടു.



പ്രതികളെ അടിയന്തരമായും കണ്ടെത്തി നിയമത്തിന് മുമ്പിൽ കൊണ്ടു വരണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി, ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദ്, ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരി എന്നിവരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


പകൽ സമയത്ത് കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ഹീനവും നിന്ദ്യവുമായ ഈ ചെയ്തിക്കെതിരെ നിയമ പാലകർ ഉണർന്നു പ്രവർത്തിക്കണം. അതേസമയം, സാമൂഹ്യ വിരുദ്ധരുടെ പ്രകോപനങ്ങളിൽ കുടുങ്ങാതെ വിശ്വാസി സമൂഹം തികഞ്ഞ ആത്മസംയമനം പാലിക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.


പള്ളിക്കകത്ത് ചാണകം വിതറിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അത്തരക്കാരെ ഒറ്റപ്പെടുത്താന്‍ നമുക്ക് സാധിക്കണം.


സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എല്ലാ ഭാഗത്തുനിന്നുണ്ടാകണം. സമാധാന അന്തരീക്ഷവും സാഹോദര്യവും  നിലനില്‍ക്കുന്ന ജില്ലയില്‍ പ്രകോപനില്ലാതെ സംയമനത്തോടെ സംഭവത്തെ സമീപിക്കണെന്നും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കണ്ണൂരിന്റെ മണ്ണിൽ പകൽ സമയത്ത് ചില സാമൂഹ്യ ദ്രോഹികൾ മനപ്പൂർവ്വം നടത്തിയ ഇത്തരം നീക്കങ്ങൾ പൊതുസമൂഹം ശക്തമായി പ്രതിഷേധിക്കണമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. പോലീസിന്റെ മൂക്കിൻ തുമ്പത്ത് നടന്ന ഈ പ്രവർത്തി അടിയന്തര പ്രാധാന്യത്തോടെ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും


കണ്ണൂരിൽ ഇക്കാലമത്രയും നിലനിന്ന് പോന്നിരുന്ന മതസൗഹാർദ്ദ ഐക്യം ഉയർത്തിക്കൊണ്ടു വരുന്നതിന് മുഴുവൻ ജനാധിപത്യ വിശ്വാസികളും സഹകരിക്കണമെന്നും,ഭാവിയിൽ ഇത്തരം പ്രവർത്തികൾ ആവർത്തിക്കാതിരിക്കാൻ ഉത്തരവാദപ്പെട്ടവർ ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Post a Comment

Previous Post Next Post