15 മാസമായി ശമ്പളമില്ല, വരുമാനത്തിനായി ഡോക്ടര്‍ കാക്കിയണിഞ്ഞ് ഓട്ടോ ഡ്രൈവറായി


കോവിഡ് 19 മഹാമാരിക്കെതിരേ പോരാടാൻ കർണാടകയിൽ ഡോക്ടർമാരുടെ കുറവ് അനുഭവപ്പെടുന്നതിനിടെ വരുമാനത്തിനായി ഓട്ടോ ഓടിക്കേണ്ട അവസ്ഥയിലാണ് ബല്ലാരിയിലെ ഈ മുതിർന്ന ഡോക്ടർ. ബല്ലാരി ജില്ലാ ചൈൽഡ് ഹെൽത്ത് ഓഫീസറായിരുന്ന ഡോ. എം.എച്ച്. രവീന്ദ്രനാഥാണ് കഴിഞ്ഞ 15 മാസമായി ശമ്പളം ലഭിക്കാത്തതിനാൽ ജീവിതച്ചെലവിനായി ഓട്ടോ ഓടിക്കുന്നത്. 
ഐ.എ.എസ്. ഉദ്യോഗസ്ഥരാണ് തന്റെ അവസ്ഥയ്ക്കുകാരണമെന്ന് രവീന്ദ്രനാഥ് ആരോപിക്കുന്നു. രവീന്ദ്രനാഥ് ചുമതലയിലിരിക്കേ ആരോഗ്യപ്രവർത്തകരെ നിയമിക്കുന്നതിൽ സാങ്കേതികപിശകു സംഭവിച്ചതായി ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. തന്റെ പിഴവല്ലെന്നു രവീന്ദ്രനാഥ് തെളിയിച്ചെങ്കിലും കഴിഞ്ഞവർഷം ജൂൺ ആറിന് സസ്പെൻഷനിലായി. ഇതേത്തുടർന്ന് കർണാടക അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ (കെ.എ.ടി.) പരാതി നൽകി. തുടർന്ന് രവീന്ദ്രനാഥിനെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് സർക്കാരിന് കെ.എ.ടി. നിർദേശം നൽകി. ഡിസംബറിൽ കലബുറഗിയിലെ സെദാം ജനറൽ ആശുപത്രിയിൽ സീനിയർ മെഡിക്കൽ ഓഫീസറായി രവീന്ദ്രനാഥിനെ നിയമിച്ചു. തരംതാഴ്ത്തലായിരുന്നെങ്കിലും ജോലിക്ക് ഹാജരാവാൻ തീരുമാനിച്ചു. ഇതിനിടെ ജില്ലാതലത്തിലുള്ള ആശുപത്രിയിൽ നിയമിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കെ.എ.ടി.യെ സമീപിച്ചു. തുടർന്ന് ഒരു മാസത്തിനകം ജില്ലാതലത്തിലുള്ള ആശുപത്രിയിൽ നിയമിക്കണമെന്ന് കെ.എ.ടി. ആരോഗ്യവകുപ്പിന് നിർദേശം നൽകിയെങ്കിലും ഉത്തരവ് ഉദ്യോഗസ്ഥർ അവഗണിച്ചതായി രവീന്ദ്രനാഥ് പറഞ്ഞു. ഇതുവരെ നിയമനം ലഭിച്ചിട്ടില്ല. സ്ഥലംമാറ്റം ആവശ്യപ്പെട്ട് കത്തയച്ചപ്പോൾ കോവിഡിന്റെ പശ്ചാത്തലത്തിൽ സെദാം ആശുപത്രിയിൽ തന്റെ സേവനം ആവശ്യമുണ്ടെന്നായിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞത്. സ്വകാര്യ ക്ലിനിക് തുടങ്ങണമെങ്കിൽ ലൈസൻസിനായി തന്നെ ഉപദ്രവിച്ച ഉദ്യോഗസ്ഥരുടെ അടുത്തുതന്നെ പോകേണ്ടിവരുമെന്നും അവർ ലൈസൻസ് തരില്ലെന്ന് ഉറപ്പുള്ളതിനാലാണ് ഓട്ടോ ഡ്രൈവറാകാൻ തീരുമാനിച്ചതെന്നും രവീന്ദ്രനാഥ് പറഞ്ഞു. ഡോക്ടർ ഓട്ടോ ഡ്രൈവറായി മാറിയ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കുടുംബാരോഗ്യക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ജാവൈദ് അക്തർ പറഞ്ഞു. 

Post a Comment

Previous Post Next Post