പോലീസ് വേഷത്തിൽ കറങ്ങി നടന്ന് യുവതികളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുന്നയാൾ വീണ്ടും പോലീസ് പിടിയിൽ. ചെന്നൈ തോണ്ടിയാർപേട്ട് സ്വദേശി പിച്ചൈമണി(35)യെയാണ് ചെന്നൈ പുഴൽ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്.
പോലീസ് വേഷത്തിലെത്തി പീഡിപ്പിച്ച് 15,000 രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിലാണ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്. 2016-ലും സമാനമായ കേസിൽ പിടിയിലായ പിച്ചൈമണി നാൽപതിലേറെ യുവതികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ഫോണിൽനിന്ന് നിരവധി യുവതികളുടെ വീഡിയോകളും ചിത്രങ്ങളും പോലീസ് കണ്ടെടുത്തു. ഭാര്യയും രണ്ട് കുട്ടികളുമുള്ള പിച്ചൈമണി സദാസമയവും കാക്കിവേഷത്തിലാണ് നഗരത്തിൽ കറങ്ങി നടക്കാറുള്ളത്.
കമിതാക്കളെത്തുന്ന സ്ഥലങ്ങളിൽ പോയി സ്വകാര്യനിമിഷങ്ങൾ മൊബൈലിൽ പകർത്തി പിന്നീട് ഇവരെ ഭീഷണിപ്പെടുത്തി യുവതികളെ പീഡിപ്പിക്കുന്നതാണ് ഇയാളുടെ രീതി. പുതിയ കേസിലും സമാനമായ പരാതിയുമായാണ് യുവതി പുഴൽ പോലീസിനെ സമീപിച്ചത്. യുവതിയുടെയും കാമുകന്റെയും സ്വകാര്യനിമിഷങ്ങൾ പിച്ചൈമണി ആദ്യം മൊബൈലിൽ പകർത്തിയിരുന്നു. തുടർന്ന് പോലീസ് വേഷത്തിൽ ഇവരെ സമീപിക്കുകയും വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശേഷം കാമുകനെ മാറ്റിനിർത്തിയ ശേഷം യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയും ചെയ്തു. സംഭവത്തിന് ശേഷം യുവതി നേരേ പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. സ്വന്തമായി നാല് ടാങ്കർ ലോറികളുള്ള പിച്ചൈമണി ബൈക്കിലാണ് നഗരത്തിൽ ചുറ്റിക്കറങ്ങാറുള്ളത്. കമിതാക്കളും ദമ്പതിമാരും വരുന്ന മിക്ക സ്ഥലങ്ങളിലും ഇയാളുടെ സാന്നിധ്യമുണ്ടാകും. അവിവാഹിതരായ കമിതാക്കളെയാണ് പ്രധാനമായും ഉന്നംവെയ്ക്കുക. ദൃശ്യങ്ങൾ പകർത്തിയ ശേഷം കമിതാക്കളുടെ അടുത്തെത്തി ഭീഷണിപ്പെടുത്തും. ഭീഷണിക്ക് വഴങ്ങിയില്ലെങ്കിൽ താൻ പോലീസുകാരനാണെന്നും കേസെടുക്കുമെന്നും പറയും. ഇതോടെ മിക്കവരും ഇയാളുടെ ഭീഷണിക്ക് വഴങ്ങുകയാണ് പതിവെന്നും മിക്കവരും പരാതി നൽകാത്തതിനാൽ ഈ സംഭവങ്ങളൊന്നും പുറത്തറിയാറില്ലെന്നും പോലീസ് പറഞ്ഞു.
Post a Comment