രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളന് പരോൾ



ചെന്നൈ

 രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന എ ജി പേരറിവാളന് 30 ദിവസത്തെ പരോൾ അനുവദിച്ച് മദ്രാസ് ഹൈക്കോടതി. കൊവിഡ് 19 അപകട സാധ്യത മുൻനിർത്തി തന്റെ മകന് 90 ദിവസത്തേക്ക് പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് പേരറിവാളന്റെ മാതാവ് അർപുതമ്മാൾ സമർപ്പിച്ച ഹരജി തമിഴ്‌നാട് സർക്കാർ തള്ളി ആഴ്ചകൾക്ക് ശേഷമാണ് കോടതിയുടെ തീരുമാനം.

ജയിൽ നിയമങ്ങളിൽ ലഭ്യമായ ഇളവുകൾ പ്രകാരം പേരറിവാളന് അവധി നൽകാൻ വിസമ്മതിച്ച സംസ്ഥാന സർക്കാറിനോട് ജസ്റ്റിസുമാരായ എൻ കിരുബകരൻ, വി എം വേലുമണി എന്നിവരടങ്ങിയ ബഞ്ചാണ് 30 ദിവസത്തേക്ക് പരോൾ നൽകണമെന്ന് ഉത്തരവിട്ടത്. അസുഖബാധിതനായ പിതാവിനെ സന്ദർശിക്കാൻ 2019 നവംബറിലാണ് ഇതിനുമുമ്പ് പേരറിവാളന് പരോൾ അനുവദിച്ചത്.

പേരറിവാളൻ അടക്കം ഏഴ് പേരേയും വിട്ടയക്കാൻ 2014 ൽ തമിഴ്‌നാട് സർക്കാർ ശുപാർശ നൽകിയിരുന്നു. ഇതിൽ ഗവർണറുടെ തീരുമാനം വൈകുന്നതിനെതിരെ അർപുതമ്മാൾ ഹരജി നൽകിയിരുന്നു.

രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളൻ അടക്കം ആറ് പേർ 29 വർഷമായി ജയിലിൽ കഴിയുകയാണ്. വി ശ്രീഹരൻ എന്ന മുരുഗൻ, ശാന്തൻ, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ, നളിനി എന്നിവരാണ് ജയിലിൽ കഴിയുന്നത്. ഇതിൽ ഇന്ത്യക്കാരും ശ്രീലങ്കക്കാരും ഉൾപ്പെടുന്നുണ്ട്. 1991 ലാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ നടന്ന ചാവേർ ആക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്

Post a Comment

Previous Post Next Post