പത്തനംതിട്ട | കൊവിഡ് രോഗിയായ 19 കാരിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയില്‍ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച കേസിലെ പ്രതിയുടെ ഡ്രൈവിങ് ലൈസന്‍സ് താല്‍ക്കാലികമായി റദ്ദ് ചെയ്തു. കായംകുളം കീരിക്കാട് സൗത്ത് പനക്കല്‍ച്ചിറയില്‍ വി നൗഫലിന്റെ ഡ്രൈവിങ് ലൈസന്‍സാണ് റദ്ദ് ചെയ്തത്.
പന്തളം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ ജോ. റീജ്യയനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ എന്‍ സി അജിത്കുമാറാണ് ഇത് സംബന്ധിച്ചത് ഉത്തരവ് ഇറക്കിയത്. ഇതിനിടയില്‍ കേസില്‍ വാഹനത്തിന്റെ ജിപിഎസ് രേഖകള്‍ പോലിസിന് ലഭിച്ചു. സംഭവം നടന്ന ശനിയാഴ്ച രാത്രി ആറന്‍മുള വിമാനത്താവള പദ്ധതി പ്രദേശത്തിന് സമീപത്തെ നാല്‍ക്കാലിക്കല്‍ പാലത്തിന് സമീപം ആംബുലന്‍സ് 15 മിനുട്ട് നിര്‍ത്തിയിട്ടതായുള്ള തെളിവുകളാണ് ലഭിച്ചത്. ഗൂഗിള്‍ മാപ്പിങ് വഴി വാഹനം ഈ സമയം ഇവിടെയുണ്ടായിരുന്നതായാണ് വ്യക്തമായത്.
അടൂരില്‍ നിന്നും പന്തളം വഴിയാണ് വാഹനം കോഴഞ്ചേരിയിലെത്തിയതെന്നും ഗൂഗിള്‍ മാപ്പിങ് വഴി വ്യക്്തമാവുന്നു. പന്തളത്തെ കൊവിഡ് പ്രാഥമിക ചികില്‍സാ കേന്ദ്രമായ അര്‍ച്ചന ആശുപത്രിയില്‍ പെണ്‍കുട്ടിയെ ഇറക്കാതെയാണ് വാഹനം കോഴഞ്ചേരിയിലെത്തിയതെന്നും കുറ്റകൃത്യത്തിന് പ്രതി മുന്‍കൂട്ടി പദ്ധതികള്‍ തയ്യാറാക്കിയതാണെന്നും ഇത് സൂചിപ്പിക്കുന്നു. 108 കനിവ് ആംബുലന്‍സ് വാഹനങ്ങള്‍ ജിപിഎസ് ഘടിപ്പിച്ചവയാണ്. പ്രതിയെ കസ്റ്റഡിയില്‍ മുന്നു ദിവസത്തേക്ക് വിട്ടു കിട്ടാന്‍ പോലിസ് കോടതയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡിലുള്ള പ്രതി നൗഫലിനെ രണ്ട് ദിവസത്തിനകം കസ്റ്റഡിയില്‍ കിട്ടുമെന്നാണ് പോലീസ് കരുതുന്നത്.
Post a Comment