ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന് സര്‍വകക്ഷി യോഗം

തിരുവനന്തപുരം | ചറവ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ ധാരണ. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായാണ് തീരുമാനം കൈക്കൊണ്ടത്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് അല്‍പ്പ ദിവസത്തേക്ക് നീട്ടിവെപ്പിക്കാന്‍ വേണ്ട ഇടപെടല്‍ നടത്താനും യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതില്‍ ബി ജെ പി വിയോജിപ്പ് അറിയിച്ചു. ബി ജെ പിയുടെ വിയോജിപ്പ് രേഖപ്പെടുത്തിയ ശേഷം മറ്റ് പാര്‍ട്ടികളുടേയെല്ലാം അഭിപ്രായത്തിന് അനുസരിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് മാസത്തേക്ക് എങ്കിലും നീട്ടിവെപ്പിക്കാനുള്ള ഇടപെടല്‍ വേണമെന്ന് യോഗം തീരുമാനിക്കുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെക്കരുതെന്നും ഇത് വികസനത്തെ ബാധിക്കുമെന്നും സര്‍വകക്ഷി യോഗത്തിന് ശേഷം പുറത്തിറങ്ങിയ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

കൊവിഡിന്റെ പേര് പറഞ്ഞ് തിരഞ്ഞെടുപ്പ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാണ് ഭരണപക്ഷവും പ്രതിപക്ഷവും ശ്രമിക്കുന്നത്. സര്‍വകക്ഷി യോഗത്തിന് എത്തുന്നതിന് മുമ്പ് എല്‍ ഡി എഫും യു ഡി എഫും തമ്മില്‍ ധാരണയിലെത്തിയിരുന്നു. തിരഞ്ഞെടുപ്പിന് അഭിമുഖീകരിക്കാന്‍ ഇരു മുന്നണിക്കും ഭയമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

മുഴുവന്‍ രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്ത സര്‍വകക്ഷി യോഗത്തിലെ തീരുമാനം അല്‍പ്പ സമയത്തിനകം സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിക്കും. ഇതിനായി ഉച്ചക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണുമെന്നാണ് ഔദ്യോഗിക അറിയിപ്പ്

Post a Comment

Previous Post Next Post