സംസ്ഥാനത്ത് നഗരകേന്ദ്രങ്ങളിലും ഹൈവേകളിലുമായി ഇ വാഹന ചാർജിങ് സ്റ്റേഷനുകൾകെ.എസ്.ഇ.ബി. തുടങ്ങുന്നു. രണ്ടാഴ്ചയ്ക്കകം ആറ് കോർപ്പറേഷനുകളിൽ ഓരോന്നു വീതം പൂർത്തിയാവും. ഡിസംബറോടെ സംസ്ഥാനത്തെ 31 കേന്ദ്രങ്ങളിലും തുടർന്ന് ഹൈവേയിൽ ഉൾപ്പെടെ നൂറു കണക്കിന് കേന്ദ്രങ്ങളിലും സ്റ്റേഷനുകൾ തുടങ്ങും. ബോർഡിന്റെ കൈവശമുള്ള സ്ഥലങ്ങൾക്ക് പുറമെ സ്വകാര്യസ്ഥലങ്ങൾ പാട്ടത്തിനെടുക്കുകയോ സ്റ്റേഷൻ തുടങ്ങാൻ വ്യക്തികളിൽനിന്ന് ടെൻഡർ ക്ഷണിക്കുകയോ ചെയ്യും. കെ.എസ്.ഇ.ബി. നിശ്ചിതനിരക്കിൽ വൈദ്യുതി നൽകും.
രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇ ചാർജിങ് സ്റ്റേഷനുകൾ തുടങ്ങുന്നത്. ഭാവിയിൽ വൈദ്യുതവാഹനങ്ങൾ കൂടാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് നടപടി. ഒരു ചാർജിങ് സ്റ്റേഷൻ തുടങ്ങാൻ ഏകദേശം മൂന്നു കോടിയോളം രൂപ ചെലവ് വരുമെന്നാണ് കണക്ക്. ചില വിഭാഗങ്ങൾക്ക് കേന്ദ്രം സബ്സിഡി നൽകുന്നുണ്ട്. 2022 ആകുമ്പോഴേക്ക് 10 ലക്ഷം വൈദ്യുതവാഹനങ്ങൾ നിരത്തിലിറങ്ങുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. തുടക്കത്തിൽ വൈദ്യുത ഓട്ടോയും ബസും ബോട്ടും ഇറക്കാനാണ് ആലോചിക്കുന്നത്. കാർ, ഇരുചക്ര വാഹനയാത്രികരെ ആകർഷിക്കാൻ റോഡ് നികുതി ഇളവുൾപ്പെടെ പ്രത്യേകം പദ്ധതികളുമുണ്ട്. കെ.എസ്.ആർ.ടി.സിക്കും പദ്ധതിയിൽ പങ്കാളിത്തമുണ്ടാകും. കെ.എസ്.ആർ.ടി.സി. ഇതിനകം വൈദ്യുത ബസുകൾ നിരത്തിലിറക്കിയിരുന്നു. 2025-ഓടെ 6000 വൈദ്യുത ബസുകൾ ഓടിക്കുകയാണ് ലക്ഷ്യം.
ഒരുകിലോ മീറ്ററിന് 0.8 യൂനിറ്റ് വൈദ്യുതിയാണ് വേണ്ടത്. ടാറ്റ നെക്സോൺ ഇ.വി | Photo:Social Media സേഫ് കേരളയിൽ വൈദ്യുത കാർ മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരള സ്ക്വാഡിനായി 65 വൈദ്യുത ടാറ്റ നെക്സോൺ കാറുകളെത്തി. ഒറ്റ ചാർജിങ്ങിൽ 312 കിലോ മീറ്റർ ദൂരംവരെ സഞ്ചരിക്കാൻ സാധിക്കും. എല്ലാ ജില്ലയിലും ഇവയ്ക്കായി ഓരോ ചാർജിങ് കേന്ദ്രവുമുണ്ടാവും. സെപ്റ്റംബർ 29-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സർക്കാർ വാഹനങ്ങൾ ക്രമേണ വൈദ്യുതിയിലേക്ക് മാറ്റുന്നതിന്റെ തുടക്കമെന്ന നിലയിലാണ് നടപടി. സാമ്പത്തിക പ്രതിസന്ധി കാരണം അനർട്ട് മുഖേന 35,000 രൂപ മാസവാടകയ്ക്കാണ് ഈ വാഹനങ്ങൾ ഇപ്പോൾ മോട്ടോർ വാഹന വകുപ്പ് ഉപയോഗിക്കുന്നത്.
Post a Comment