കോഴിക്കോട് | മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ച യുവതിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കിഴിശ്ശേരി സ്വദേശിനി ഷഹലയെ ഐ സിയുവില്‍ നിന്ന് മാറ്റി.
കൊവിഡ് ചികിത്സ പൂര്‍ത്തിയാക്കിയതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ അഞ്ച് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചെന്നാണ് പരാതി. സ്വകാര്യ ആശുപത്രികള്‍ ആര്‍ ടി പി സി ആര്‍ ഫലം വേണമെന്ന് നിര്‍ബന്ധം പിടിച്ചതാണ് ചികിത്സ ലഭിക്കാന്‍ വൈകിയത്. പ്രസവ വേദന അനുഭവപ്പെട്ട് മണിക്കൂറുകളോളം കഴിഞ്ഞാണ് യുവതിയെ കാഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചത്. ചികിത്സ വൈകിയതാണ് കുട്ടികളുടെ മരണത്തിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഗര്‍ഭിണിയായിരുന്ന സഹല മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് കൊവിഡ് ചികിത്സ പൂര്‍ത്തിയാക്കി രണ്ട് ദിവസം മുമ്പ് വീട്ടിലേക്ക് പോയതാണ്. തുടര്‍ന്ന് കടുത്ത വേദനയെ തുടര്‍ന്നാണ് പുലര്‍ച്ചെ തിരികെ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ കൊവിഡ് ചികിത്സ പൂര്‍ത്തിയാക്കിയതിനാല്‍ കൊവിഡ് ആശുപത്രിയായ മഞ്ചേരിയില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത് തരണമെന്ന ആവശ്യവും മഞ്ചേരി മെഡിക്കല്‍ കോളജ് അധികൃതര്‍ നിഷേധിച്ചു. തുടര്‍ന്ന് ഉച്ചയോടെ കോട്ടപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോയെങ്കിലും പി സി ആര്‍ പരിശോധന ഫലം ഉണ്ടെങ്കിലെ അഡ്മിറ്റ് ചെയ്യാന്‍ കഴിയുള്ളു എന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നെന്ന് യുവതിയുടെ ഭര്‍ത്താവും മാധ്യമപ്രവര്‍ത്തകനുമായ ഷരീഫ് പറഞ്ഞു.
Post a Comment