തിരുവനന്തപുരം | നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ജയിലില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ച ദിവസം രാത്രി അനില്‍ അക്കരെ എം എല്‍ എ ആശുപത്രിയിലെത്തിയതായി വിവരം. ഇത് സംബന്ധിച്ച് എന്‍ ഐ എ അനില്‍ അക്കരയില്‍ നിന്ന് വിവരങ്ങള്‍ തേടി. അവിടെ ആരൊക്കെ വരുന്നുണ്ടെന്ന് നോക്കാനാണ് ആശുപത്രിയില്‍ സന്ദര്‍ശിച്ചതെന്നാണ് അനില്‍ അക്കരെ മൊഴി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
സ്വപ്‌ന ആശുപത്രിയില്‍ കഴിഞ്ഞ ആറ് ദിവസം ആരൊക്കെ സന്ദര്‍ശിച്ചുവെന്നും ഇവരുടെ വിവരങ്ങളും എന്‍ ഐ എ ശേഖരിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് അധികൃതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. നഴ്സുമാരുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സ്വര്‍ണക്കടത്ത് കേസ് പ്രതികളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആസൂത്രിതമായെന്ന് അനില്‍ അക്കര ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അനില്‍ അക്കരയുടെസന്ദര്‍ശന വിവരം പുറത്തുവന്നത്.
അതിനിടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്വപ്‌നക്കൊപ്പം വനിതാ പോലീസുകാര്‍ വാര്‍ഡില്‍വെച്ച് സെല്‍ഫിയെടുത്തു. നേരത്തെ നെഞ്ച് വേദനക്ക് ചികിത്സ തേടിയപ്പോഴാണ് സെല്‍ഫിയെടുത്തത്. തൃശ്ശൂര്‍ സിറ്റി പോലീസിലെ ആറ് വനിതാ പോലീസുകാരാണ് സെല്‍ഫിയെടുത്തത്. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൗതുകത്തിനാണ് സെല്‍ഫിയെടുത്തതെന്നാണ് ഇവര്‍ നല്‍കിയ വിവരം.
Post a Comment