100 സ്‌കൂൾ അന്താരാഷ്‌ട്ര നിലവാരത്തിൽ ; ഏറ്റവും കൂടുതൽ സ്‌കൂളുകൾ മലപ്പുറം ജില്ലയിൽ

തിരുവനന്തപുരം
നൂറ് സ്കൂളിലെ വിദ്യാർഥികളുടെ പഠനം ഇനി അന്താരാഷ്ട്ര നിലവാരത്തിൽ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അടിസ്ഥാനസൗകര്യ വികസന പദ്ധതിയിൽപ്പെടുത്തി കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) നവീകരിച്ചത് 100 സ്കൂൾ. 434 കോടി രൂപ ചെലവിട്ടാണ് നിർമാണം.

അഞ്ച് കോടി രൂപ ചെലവിട്ട് 141സ്കൂളും മൂന്ന് കോടി ചെലവിട്ട് മുന്നൂറിലധികം സ്കൂളുകളുമാണ് സംസ്ഥാനത്താകെ നവീകരിക്കുന്നത്. അഞ്ചുകോടിയുടെ 67 സ്കൂളും മൂന്ന് കോടിയുടെ 33 സ്കൂളും നവീകരണം കഴിഞ്ഞ് നാടിന് കൈമാറിയിരുന്നു.

അഞ്ച് കോടിയുടെ നാല് സ്കൂളിന്റെയും മൂന്ന് കോടിയുടെ 20 സ്കൂളിന്റെയും ഉദ്ഘാടനം ഒക്ടോബർ മൂന്നിന് രാവിലെ 9.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. നേരത്തെ രണ്ട് ഘട്ടത്തിലായി 56 സ്കൂൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചിരുന്നു. 20 സ്കൂൾ അടുത്ത ഘട്ടത്തിൽ ഉദ്ഘാടനം ചെയ്യും.

ആകെ 19.42 ലക്ഷം ചതുരശ്രഅടി വിസ്തൃതിയിൽ 1617 സ്മാർട് ക്ലാസ് റൂം, 248 ലാബ്, 62 ഹാൾ, തിയറ്റർ, 82 അടുക്കള–-- ഡൈനിങ് ഹാൾ, 2573 ശൗചാലയം എന്നിവ തയ്യാറായതായി കൈറ്റ് സിഇഒ അൻവർ സാദത്ത് അറിയിച്ചു. കിഫ്ബി ധനസഹായം, എംഎൽഎ ഫണ്ട് എന്നിവ ഉപയോഗിച്ചാണ് നിർമാണം.

ഏറ്റവും കൂടുതൽ സ്കൂളുകൾ മലപ്പുറം ജില്ലയിലാണ്–- 15. കണ്ണൂർ 14, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 12 സ്കൂൾ വീതവും കൈമാറി. എറണാകുളം ജില്ലയിൽ 10ഉം കൊല്ലത്ത് ഒമ്പതും തൃശൂരിൽ എട്ടും കോട്ടയത്ത് ആറും കാസർകോട് നാലും ആലപ്പുഴ, ഇടുക്കി, പാലക്കാട് ജില്ലകളിൽ മൂന്നുവീതം സ്കൂളും വയനാട് ജില്ലയിൽ ഒരു സ്കൂളും കൈമാറി.

Post a Comment

Previous Post Next Post