കൊച്ചി | നടുവേദനയെ തുടര്‍ന്ന് അശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഓണ്‍ലൈനായിട്ടാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ന് തന്നെ ഹരജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. കസ്റ്റംസ് അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
രാവിലെ 10.15ന് കോടതി കേസ് വിളിച്ചു തുടങ്ങുന്ന സമയത്ത് ശിവശങ്കറിന്റെ അഭിഭാഷകന്‍ ഹരജി സമര്‍പ്പിച്ച കാര്യവും അത് ഇന്ന് തന്നെ പരിഗണിക്കണമെന്ന ആവശ്യവും കോടതിയില്‍ ഉന്നയിക്കും. തുടര്‍ന്ന് കോടതിയാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
എന്നാല്‍ കസ്റ്റംസ് ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കും. അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്ന് കോടതിയെ അറിയിക്കും. പലകാര്യങ്ങളിലും ശിവശങ്കര്‍ മൗനം പാലിക്കുന്ന കാര്യവും കസ്റ്റംസ് കോടതി മുമ്പാകെ ചൂണ്ടിക്കാണിക്കും. കസ്റ്റംസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാം കുമാറാണ് കോടതിയില്‍ ഹാജരാകുക.
Post a Comment