
കോട്ടയം:
അനധികൃതമായി വസ്തു കയ്യേറ്റം നടത്തി ഡിവൈഎഫ്‌ഐ ഗുണ്ടാസംഘം. ചാത്തനാട് കുലശേഖരമംഗലത്താണ് സംഭവം. വർഷങ്ങളായി പ്രദേശത്ത് താമസിക്കുന്ന കുടുംബത്തിന്റെ വസ്തുവാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ കയ്യേറിയതായി ആരോപണം ഉയർന്നിരിക്കുന്നത്.
ചാത്തനാട് ഗുരുമന്ദിരം റോഡിൽ വർഷങ്ങളായി താമസിച്ചു വരുന്ന നിഖിൽ മോഹൻ എന്ന യുവാവിന്റെ കുടുംബത്തിന് നേരെയാണ് ഡിവൈഎഫ്‌ഐയുടെ അതിക്രമം. ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ചെയ്തികൾ മൂലം നാടുവിട്ടു പോകേണ്ട അവസ്ഥയിലാണ് ഈ കുടുംബം ഇന്ന്.
നിഖിൽ തന്റെ വീടും സ്ഥലവും വിൽക്കാൻ ശ്രമിക്കുകയും ഇതിനായി എഗ്രിമെന്റ് വെയ്ക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകനായ നിഖിലിന്റെ ബന്ധു അവരുടെ വസ്തുവിലേക്ക് വഴി വേണമെന്ന് ആവശ്യപ്പെട്ടു. ഒരു മീറ്റർ വഴി വേണമെന്നായിരുന്നു ഇയാൾ ആവശ്യപ്പെട്ടിരുന്നത്. ഇത് അനുസരിച്ച് ഇയാൾക്ക് നിഖിൽ വഴി നൽകി. എന്നാൽ പിന്നീട് ഇവർ ലോറി കയറ്റുവാനായി വഴി ആവശ്യപ്പെട്ടു.
തുടർന്ന് നിഖിലിന്റെ വസ്തു വാങ്ങാൻ എഗ്രിമെന്റ് എഴുതിയ ആളുകളുമായി ഇവർ ചർച്ച നടത്തി. ഒരു നിശ്ചിത തുക നൽകിയാൽ വഴി നൽകാമെന്ന് അന്ന് ധാരണയാകുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് ധാരണകളെല്ലാം തെറ്റിച്ച് ഒരു കൂട്ടം ഡിവൈഎഫ്‌ഐ പ്രവർത്തകർ എത്തി നിഖിലിന്റെ വസ്തുവിൽ അതിക്രമിച്ച് കയറി മരങ്ങൾ മുറിക്കുകയും വെട്ടിവീഴ്ത്തുകയും ചെയ്തു. വീട്ടിൽ സ്ത്രീകൾ മാത്രമുള്ള സമയത്തായിരുന്നു അതിക്രമം.
വിവരം അറിഞ്ഞ നിഖിൽ ബന്ധുവിനെ വിളിച്ച് കാര്യം അന്വേഷിച്ചെങ്കിലും എന്തെങ്കിലും പ്രശ്‌നവുമായി മുന്നോട്ടു പോകുകയാണെങ്കിൽ കൊന്നുകളയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. തുടർന്ന് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി നിഖിൽ വൈക്കം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഇതോടെ പാർട്ടി പ്രവർത്തകരെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ് നിഖിൽ. തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെ കുറിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയിച്ചിരിക്കുകയാണ് നിഖിൽ. തനിക്കും കുടുംബത്തിനും എന്തു വേണമെങ്കിലും സംഭവിക്കാമെന്നും അങ്ങനെ സംഭവിച്ചാൽ അതിനുത്തരവാദി പാർട്ടിയും പ്രവർത്തകരും ആയിരിക്കുമെന്നും നിഖിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
സ്വന്തം പേരിൽ കരം തീർത്തു താമസിച്ചു വരുന്ന വസ്തുവിൽ പാർട്ടിയും ഒരു പറ്റം ഗുണ്ടകളും വിചാരിച്ചാൽ ഇങ്ങനെയൊക്കെ ചെയ്യാൻ കേരളത്തിലെ പറ്റൂവെന്നും നിഖിൽ വിമർശിക്കുന്നു.
Post a Comment