പൗരത്വ നിയമ ഭേദഗതി; 'തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഞങ്ങള്‍ കുട്ടികളല്ല'; മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്കെതിരെ ഒവൈസി

ഹൈദരാബാദ്: 
പൗരത്വ നിയമ ഭേദഗതി (സിഎഎ) ഏതെങ്കിലും പ്രത്യേക മതത്തിന് എതിരല്ലെന്നും മുസ്ലീം സഹോദരങ്ങളെ ചിലർ തെറ്റിദ്ധരിപ്പിച്ചു എന്നുമുള്ള ആർഎസ്എസ് അധ്യക്ഷന്റെ പരാമർശത്തിന് മറുപടിയുമായി എഐഎംഐഎം നേതാവ് അസദുദീൻ ഒവൈസി. പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും മുസ്ലിം വിഭാഗത്തിന് എതിരായതല്ലെങ്കിൽ അവയിൽനിന്ന് എല്ലാ മതങ്ങളെപ്പറ്റിയും ഉള്ള പരാമർശങ്ങൾ ഒഴിവാക്കാൻ ഒവൈസി ആവശ്യപ്പെട്ടു. തെറ്റിദ്ധരിപ്പിക്കപ്പെടാൻ ഞങ്ങൾ കുട്ടികളല്ല. സിഎഎയും എൻആർസിയും കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് നല്ലവാക്കുകൾകൊണ്ട് വിശദീകരിക്കാൻ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. 
പൗരത്വത്തിന്റെ അടിസ്ഥാനം മതമാണെന്ന് പറയുന്ന ഏത് നിയമത്തെയും എതിർക്കുമെന്നും ഒവൈസി പറഞ്ഞു. നേരത്തെ നാഗ്പൂരിൽ നടന്ന ആർഎസ്എസ് വിജയദശമി റാലിയിൽ സംസാരിക്കവെയാണ് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് സിഎഎ, എൻആർസി എന്നിവ സംബന്ധിച്ച പരാമർശങ്ങൾ നടത്തിയത്. 
ആർഎസ്എസ് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന് എതിരല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മുസ്ലിം സഹോദരങ്ങളെ ചിലർ തെറ്റിദ്ധരിപ്പിച്ചു. രാജ്യത്തെ മുസ്ലിം ജനസംഖ്യ കുറയ്ക്കാനാണ് സിഎഎ കൊണ്ടുവന്നതെന്ന വിമർശം ഉയർന്നു. സിഎഎ രാജ്യത്തെ ഒരു പൗരനും ഭീഷണിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post