വാറ്റുചാരായം കുടിക്കാനെത്തിയയാളെ കൊലപ്പെടുത്തി വീടിനകത്ത് കുഴിച്ചിട്ട സംഭവം; പ്രതി പിടിയില്‍

തിരുവനന്തപുരം | വിതുരയിലെ പേപ്പാറ പട്ടന്‍ കുളിച്ചപ്പാറയില്‍ വീടിനകത്ത് മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ പ്രതി താജുദ്ദീന്‍ പോലീസ് പിടിയില്‍. ഇന്ന് പുലര്‍ച്ചെ വീടിനടുത്തുള്ള വനത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. മാധവന്‍ എന്നയാളെ കൊലപ്പെടുത്തിയാണ് മൃതദേഹം താജുദ്ദീന്‍ വീട്ടില്‍ കുഴിച്ചിട്ടത്.

കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയോടെ താജുദ്ദീന്റെ വീട്ടിലെത്തി വാറ്റുചാരായം കുടിച്ച മാധവന്റെ കൈയില്‍ ചാരായത്തിന് കൊടുക്കാന്‍ പണമുണ്ടായിരുന്നില്ല. ഇതേ ചൊല്ലിയുണ്ടായിരുന്ന തര്‍ക്കത്തിനിടെ അവിടെയുണ്ടായിരുന്ന റബര്‍ കമ്പ് കൊണ്ട് താജുദ്ദീന്‍, മാധവന്റെ തലയ്ക്കടിച്ചു. മാധവന്‍ ഒച്ചവച്ചതോടെ താജുദ്ദീന്‍ തുണി വായില്‍ തിരുകി, മൂക്ക് പൊത്തിയ ശേഷം വീണ്ടും തലയ്ക്കടിച്ചു.

ബോധം നഷ്ടപ്പെട്ട മാധവനെ വീട്ടില്‍ ഉപേക്ഷിച്ച് താജുദ്ദീന്‍ പുറത്തേക്കു പോയി. തിരികെ വന്നുനോക്കിയപ്പോള്‍ മാധവന്‍ മരിച്ചതായി മനസ്സിലാക്കി. മൃതദേഹം പുറത്തെവിടെയെങ്കിലും കുഴിച്ചിടാമെന്ന് കരുതിയെങ്കിലും അതിന് സാഹചര്യമുണ്ടായില്ല. പിറ്റേന്ന് മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വരാന്‍ തുടങ്ങി. ഇതോടെ വെള്ളിയാഴ്ച രാവിലെ മുറിക്കകത്ത് കുഴിയെടുത്ത് മൃതദേഹം അതിലാക്കി മൂടുകയായിരുന്നു.വീട്ടില്‍ നിന്ന് അര ലിറ്റര്‍ ചാരായവും പോലീസ് കണ്ടെടുത്തു.

Post a Comment

Previous Post Next Post