ഖമറുദ്ദീന്റെ അറസ്റ്റ് തുടക്കം മാത്രം; അഴിമതിക്കേസുകളില്‍ കൂടുതല്‍ യു ഡി എഫ് എം എല്‍ എമാര്‍ അറസ്റ്റിലായേക്കും: വിജയരാഘവന്‍

തിരുവനന്തപുരം | എം സി ഖമറുദ്ദീന്റെ അഴിമതിക്ക് മുസ്‌ലിം ലീഗ് കൂട്ടുനില്‍ക്കുകയാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഖമറുദ്ദീന്‍ എം എല്‍ എയെ പിന്തുണച്ചുകൊണ്ട് ലീഗ് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയെ കച്ചവടത്തിലെ നഷ്ടമായാണ് ലീഗ് വിലയിരുത്തിയത്. ഈ ന്യായീകരണത്തെ കോണ്‍ഗ്രസും പിന്തുണച്ചിരിക്കുകയാണ്. ഖമറുദ്ദീനെ മുസ്ലിം ലീഗ് ഭയപ്പെടുന്നതായാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. ഖമറുദ്ദീന്റെ അറസ്റ്റ് ഒരു തുടക്കം മാത്രമാണെന്നും വിവിധ കേസുകളില്‍ പ്രതികളായ യു ഡി എഫിന്റെ മറ്റ് എം എല്‍ എമാരും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ പ്രതികരിച്ചു.

ഖമറുദ്ദീന്‍ രാജിവെക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാടെന്ന് പി കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. നിക്ഷേപകര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ പണം തിരിച്ചുകൊടുത്താല്‍ മതി. സര്‍ക്കാറിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിവാദങ്ങള്‍ ബാലന്‍സ് ചെയ്യാനാണ് നീക്കത്തിന്റെ ഭാഗമാണ് ഖമറുദ്ദീന്റെ അറസ്റ്റ്. ബിസിനസ് പൊളിഞ്ഞതാണെങ്കില്‍ അതില്‍ തട്ടിപ്പോ വെട്ടിപ്പോ നടന്നിട്ടുണ്ടോ എന്നുപോലും അന്വേഷിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Post a Comment

Previous Post Next Post