മലപ്പുറത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തെട്ടു പിന്നാലെ മുസ്ലിം ലീഗിൽ കൂട്ടരാജി. ജില്ലയിൽ വിവിധ വാർഡുകളിലെ ഔദ്യോഗിക പദവികൾ വഹിക്കുന്നവരാണ് കൂട്ടരാജി സമർപ്പിച്ചത്. സ്ഥാനാർത്ഥി നിർണയം ആരംഭിച്ചതോടെയാണ് മണ്ഡലം, വാർഡ് തലങ്ങളിൽ നേതൃസ്ഥാനങ്ങളിലിരിക്കുന്നവരുടെ കൂട്ടരാജി. മേലാറ്റൂർ, കണ്ണമംഗലം, തിരൂർ മണ്ഡലത്തിലെ പൂക്കയിൽ എന്നിവിടങ്ങളിലെ പ്രവർത്തകരാണ് രേഖാമൂലം രാജി ജില്ലാ നേതൃത്വങ്ങളെ അറിയിച്ചത്.
വെൽഫെയർ പാർട്ടിയുമായി ഉണ്ടാക്കിയ ധാരണയും സ്ഥാനാർത്ഥി നിർണയത്തിലെ വിഭാഗീയതയുമാണ് പ്രാദേശിക നേതാക്കളുടെ കൂട്ടരാജി. രാജിവച്ചവരിൽ പ്രമുഖരും ഉൾപ്പെടുന്നുണ്ട്. മുസ്ലിം ലീഗിന്റെ ചുമട്ട് തൊഴിലാളി സംഘടനയായ എസ്ടിയു സംസ്ഥാന സെക്രട്ടറിയും കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ. കെ ഹംസയാണ് ഒരാൾ. കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ റിബൽ സ്ഥാനാർത്ഥിയായി ഇയാൾ മത്സര രംഗത്തും എത്തി. ഇതോടെ ഹംസക്ക് എൽഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു.
തൊട്ടുപിന്നാലെ വെൽഫെയർ പാർട്ടി കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് മേലാറ്റൂർ പഞ്ചായത്തിലും കൂട്ടരാജി പ്രഖ്യാപനം വന്നു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രവർത്തക സമിതി അംഗം കെ. പി ഉമ്മർ ഉൾപ്പെടെ ഇരുപതോളം പേർ രാജിവച്ചു. മേലാറ്റൂർ പഞ്ചായത്തിലെ ഏഴാം വാർഡ് വെൽഫെയർ പാർട്ടിക്ക് നൽകിയതിൽ പ്രതിഷേധിച്ചാണ് വാർഡ് ഭാരവാഹികൾ ഉൾപ്പെടെ രാജിവച്ചത്. ഇതിന് പുറമെ തിരൂർ മുനിസിപ്പാലിറ്റിയിലെ പൂക്കയിൽ 1, 5, 6, 3 വാർഡുകളിലെ പാർട്ടി ഭാരവാഹികൾ രാജിവച്ചു. ഭൂരിപക്ഷ അഭിപ്രായത്തെ മറികടന്ന്, മുനിസിപ്പൽ ലീഗ് കമ്മിറ്റി ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ചാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ, സെക്രട്ടറി ഉൾപ്പടെ 26 ലധികം പേരുടെ കൂട്ടരാജി.
Post a Comment