ദൈവത്തിന്റെ 'കൈ' സഹായത്തില്‍ പിറന്ന ഗോള്‍, ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ഗോള്‍

ഫുട്ബോൾ മൈതാനത്ത് കാലുകളാണ് താരം. 90 മിനിറ്റ് നീളുന്ന മത്സരത്തിൽ പ്രവർത്തിക്കാൻ അവകാശമുള്ളത് ഗോൾ കീപ്പർമാരുടെ നാലേ നാലു കൈകൾക്ക് മാത്രമാണ്. 34 വർഷങ്ങൾക്കു മുമ്പ്, കൃത്യമായി പറഞ്ഞാൽ 1986 ജൂൺ 22-ന് മെക്സിക്കോ സിറ്റിയിലെ ആസ്റ്റക്ക് സ്റ്റേഡിയത്തിൽ ഒരു കൈ പ്രയോഗം അരങ്ങേറി. ലോകത്തെ ഒരു ചെറിയ ഗോളത്തിലേക്ക് ആവാഹിക്കുന്ന ഫുട്ബോൾ എന്ന കളിക്ക് ജീവനുള്ള കാലത്തോളം ആരും മറക്കാത്ത ഒരു കൈ പ്രയോഗം. ആ കൈ പ്രയോഗത്തിന് പിന്നിൽ പ്രവർത്തിച്ചതോ ഫുട്ബോൾ ഇതിഹാസം സാക്ഷാൽ ഡീഗോ അർമാൻഡോ മാറഡോണയും. ചരിത്രമായി മാറിയ ദൈവത്തിന്റെ കൈ പതിഞ്ഞ ഗോൾ പിറന്നിട്ട് 34 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. അതിന്റെ കാരണക്കാരൻ പിറന്നിട്ട് 60 വർഷവും. മാറഡോണയെന്ന അതിമാനുഷനെ കുറിച്ച് പറയുമ്പോഴെല്ലാം ആളുകൾ ഓർക്കുക 1986 ലോകകപ്പിലെ ആ ഗോളിനെ കുറിച്ചാണ്. 1986 മേയ് 31 മുതൽ ജൂൺ 29 വരെ മെക്സിക്കോയിൽ നടന്ന പതിമൂന്നാമത് ഫിഫ ഫുട്ബോൾ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലിലാണ് വിഖ്യാതമായ ആ ഗോളിന്റെ പിറവി. ആസ്റ്റക്ക് സ്റ്റേഡിയത്തിൽ ഒരു ലക്ഷത്തിലേറെ കാണികൾ സാക്ഷിയായ മത്സരം. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ 51-ാം മിനിറ്റിലാണ് ടീമിനായി ക്യാപ്റ്റൻ കൂടിയായ മാറഡോണ ആ കടും കൈ ചെയ്തത്. മാറഡോണയും സഹതാരം ജോർജ് വാൽഡാനോയും ചേർന്ന ഒരു മുന്നേറ്റം. ക്യാപ്റ്റനിൽ നിന്ന് പാസ് സ്വീകരിച്ച വാൽഡാനോ ഇംഗ്ലീഷ് പ്രതിരോധനിരക്കാരെ വെട്ടിയൊഴിയാൻ ശ്രമിക്കുന്നു. എന്നാൽ ഇംഗ്ലീഷ് താരം സ്റ്റീവ് ഹോഡ്ജിന്റെ കൃത്യസമയത്തെ ഇടപെടൽ മൂലം ആ ശ്രമം വിഫലമാക്കപ്പെടുന്നു. പക്ഷേ അ ശ്രമത്തിൽ ഹോഡ്ജിന് ഒരു പിഴവ് സംഭവിച്ചു. അദ്ദേഹം ഗോൾകീപ്പർ പീറ്റർ ഷിൽട്ടന് മറിച്ച് നൽകാൻ ശ്രമിച്ച പന്ത് നേരെ പോയത് മാറഡോണയുടെ മുന്നിലേക്ക്. പന്ത് പിടിക്കാൻ ഷിൽട്ടനും ഗോളടിക്കാൻ മാറഡോണയ്ക്കും ഫിഫ്റ്റി ഫിഫ്റ്റി ചാൻസ്. പക്ഷേ തന്നേക്കാൾ 20 സെന്റീമീറ്ററോളം ഉയരമുള്ള ഷിൽട്ടനെ മറികടക്കാൻ സാധിക്കില്ലെന്ന് ഞൊടിയിടയിൽ തിരിച്ചറിഞ്ഞ മാറഡോണ ആ അറ്റകൈ പ്രയോഗത്തിന് മുതിർന്നു. ബോക്സിലേക്കെത്തിയ പന്ത് വലതുകൈ കൊണ്ട് തട്ടിയകറ്റാൻ എത്തിയ ഷിൽട്ടനു മുന്നിൽ ചാടി ഉയർന്ന മാറഡോണ തന്റെ ഇടംകൈ കൊണ്ട് പന്ത് ഷിൽട്ടന്റെ തലയ്ക്ക് മുകളിലൂടെ തട്ടി വലയിലാക്കി. മാറഡോണ ആഘോഷം തുടങ്ങിയിരുന്നു. എന്നാൽ മൈതാനത്തെ മറ്റുള്ളവരെല്ലാം കണ്ടിരുന്നു അയാൾ കൈകൊണ്ടാണ് ഗോൾ നേടിയതെന്ന്. ഒരാളൊഴികെ ടുണീഷ്യൻ റഫറി ബിൻ നാസർ. ടീം അംഗങ്ങളെല്ലാം തന്നെ വന്ന് അഭിനന്ദിക്കുമെന്ന് മാറഡോണ കരുതി. പക്ഷേ അതുണ്ടായില്ല. റഫറിക്ക് സംശയം തോന്നാതിരിക്കാൻ തന്നെ വന്ന് കെട്ടിപ്പിടിക്കാൻ അയാൾക്ക് സഹതാരങ്ങളോട് പറയേണ്ടി വന്നു. ആ ഗോളിനെ കുറിച്ച് പിൽക്കാലത്ത് അദ്ദേഹം തന്നെ വെളിപ്പെടുത്തിയതാണിത്. ലൈൻ റഫറിയായിരുന്ന ബോഗ്ഡാൻ ഗണേവ് ഡോഷേവ് എന്ന ബൾഗേറിയക്കാരൻ വെള്ളവരയ്ക്കപ്പുറത്ത് അചഞ്ചലനായി നിന്നു. ബിൻ നാസറിന്റെ വിധിവന്നു ഗോൾ. ഷിൽട്ടൻ അടക്കമുള്ള ഇംഗ്ലണ്ട് താരങ്ങളെല്ലാം റഫറിക്ക് ചുറ്റും നിന്ന് ഹാൻഡ് ബോളാണെന്ന് വാദിച്ചു. യാതൊരു ഫലവും ഉണ്ടായില്ല. ആസ്റ്റക്ക് സ്റ്റേഡിയത്തിലെ ഇംഗ്ലണ്ട് കാണികൾ ക്ഷുഭിതരായി. ചെകുത്താന്റെ കൈ എന്ന് അട്ടഹസിച്ച കാണികൾ മാറഡോണയ്ക്കു നേരം കൂവി വിളിച്ചു. കമന്റേറ്റർമാരടക്കം മാറഡോണയ്ക്കെതിരേ തിരിഞ്ഞു. അടുത്ത ദിവസം അയാളുടെ പേരിനൊപ്പം ഫുട്ബോളിനെ ചതിച്ചവൻ എന്ന് അച്ചുനിരത്താൻ ഇംഗ്ലണ്ടിലെ പത്രങ്ങൾ ഒന്നടങ്കം തയ്യാറെടുത്തു. എന്നാൽ നാലു മിനിറ്റുകൾക്കപ്പുറം വില്ലനിൽ നിന്ന് നായകനായി മാറഡോണ പകർന്നാടി. നാലു മിനിറ്റുകൾക്ക് മുമ്പ് കൈയിൽ പതിഞ്ഞ പാപക്കറ കഴുകിക്കളയാൻ പോന്നൊരു ഗോളിലൂടെ. പിന്നീട് മാറഡോണ തന്നെ പറഞ്ഞു ആ ഗോളിൽ ദൈവത്തിന്റെ കൈ പതിഞ്ഞിരുന്നു. എന്നാൽ മെക്സിക്കൻ ഫോട്ടോഗ്രാഫർ അലസാൻഡ്രോ ഒയേഡ കർബാജയുടെ ചിത്രം ആ നിമിഷത്തെ ഒപ്പിയെടുത്ത് ഇന്നും നിലകൊള്ളുന്നു. ഇംഗ്ലണ്ടിനെ 2-1ന് മറികടന്ന അർജന്റീന് സെമിയിലേക്കും പിന്നീട് കിരീടത്തിലേക്കും നടന്നുകയറി. അന്ന് തോൽപ്പിച്ചത് ഫുട്ബോൾ ടീമിനെയായിരുന്നില്ല ഒരു രാജ്യത്തെ തന്നെയാണെന്നുവെന്ന് പിൽക്കാലത്ത് ഇംഗ്ലണ്ടിനെതിരായ ആ മത്സരത്തെ കുറിച്ച് മറഡോണ കുറിച്ചു.

Post a Comment

Previous Post Next Post