കാസര്‍കോട് | ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന എം സി ഖമറുദ്ദീൻ എം എൽ എയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തി. ഇതിനെ തുടർന്ന് എം എൽ എയെ കാഞ്ഞങ്ങാട് ജയിലിലേക്ക് തന്നെ മാറ്റി.
രാവിലെ 11 മണിയോടെ പ്രമേഹം ഉയര്‍ന്നതിനെ തുടര്‍ന്ന് ക്ഷീണം അനുഭവപ്പെടുകയായിരുന്നു. ഇസിജി പരിശോധനക്കും വിധേയനാക്കി. വിവരമറിഞ്ഞ് ജില്ലാ ലീഗ് നേതാക്കളും ആശുപത്രിയിലെത്തിയിരുന്നു.
എം സി ഖമറുദ്ദീനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം നൽകിയ അപേക്ഷ പരിഗണിച്ച ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതി ഉച്ചക്ക് രണ്ട് മണിക്ക് വീഡിയോ കോൺഫറൻസിലൂടെ എം എൽ എയെ ഹാജരാക്കാൻ ഉത്തരവിട്ടിരുന്നു. ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട 36 കേസുകളിൽ കൂടി ഖമറുദ്ദീനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. രണ്ട് കേസുകളിൽ കൂടി പ്രത്യേക അന്വേഷണ സംഘം എം എൽ എയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ ഖമറുദ്ദീൻ അറസ്റ്റിലായ കേസുകളുടെ എണ്ണം 71 ആയി ഉയർന്നു. കേസുകളുടെ എണ്ണം കൂടുകയും കൂടുതല്‍ കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Post a Comment