
കാസർകോട്:
ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എംസി കമറുദ്ദീൻ എംഎൽഎയ്‌ക്കെതിരെ അന്വേഷണ സംഘം ഏഴ് കേസുകൾ കൂടി രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് സംഘം ഇന്ന് കണ്ണൂർ സെൻട്രൽ ജയിലിലെത്തി കമറുദ്ദീനെ ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിഎ രാജ് മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലിലെത്തിയത്.
നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയ 13 കേസുകളിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കമറുദ്ദീനെ ജയിലിൽ ചോദ്യം ചെയ്തിരുന്നു. കമറുദ്ദീന്റെ ജാമ്യാപേക്ഷ ജാമ്യാപേക്ഷ ചൊവ്വാഴ്ച് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
കഴിഞ്ഞ ദിവസമാണ് കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ നിന്നും കമറുദ്ദീനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. അതേസമയം കേസിലെ ഒന്നാം പ്രതിയും ജ്വല്ലറി എംഡിയുമായ പൂക്കോയ തങ്ങൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. നേരത്തെ എസ്പി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും പൂക്കോയ തങ്ങൾ ഹാജരായിരുന്നില്ല.
Post a Comment