വേഗപരിധി ലംഘിച്ചതിനുള്ള പിഴ സ്റ്റേ ചെയ്തത് പരാതിക്കാരന് മാത്രം ; വിശദീകരണവുമായി പോലീസ് police


തിരുവനന്തപുരം : വേഗപരിധി ലംഘിച്ചതിന് ക്യാമറാദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പിഴ ചുമത്തുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തത് പരാതിയുമായി കോടതിയില്‍ എത്തിയ ആളുടെ കാര്യത്തില്‍ മാത്രമാണെന്ന് പോലീസ്. ഇത് സംബന്ധിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ പലതരത്തിലുള്ള പ്രചാരണങ്ങൾ വന്നതിനെ തുടർന്നാണ് വിശദീകരണവുമായി കേരള പോലീസ് തന്നെ രംഗത്തെത്തിയത്.

കൊല്ലം ജില്ലയിലെ കുളക്കടയില്‍ വേഗപരിധി ലംഘിച്ച വ്യക്തിക്ക് പിഴ അടയ്ക്കാന്‍ പോലീസിന്‍റെ ഹൈടെക്ക് ട്രാഫിക്ക് എന്‍ഫോഴ്സ്മെന്‍റ് കണ്‍ട്രോള്‍ റൂം 2020 സെപ്തംബര്‍ 29 ന് ചാര്‍ജ് മെമ്മോ നല്‍കിയിരുന്നു. ഇതിനെതിരെ ആ വ്യക്തി ഹൈക്കോടതിയെ സമീപിക്കുകയും ഇതിന്‍മേലുള്ള നടപടി മൂന്നാഴ്ചത്തേയ്ക്ക് ഹൈക്കോടതി സ്റ്റേ ചെയ്യുകയുമാണ് ഉണ്ടായത്. ഈ ഇടക്കാല ഉത്തരവ് പരാതിക്കാരന് മാത്രമായിരിക്കും ബാധകം.

പരാതിക്കാരന്‍ ഉന്നയിച്ച കാര്യങ്ങള്‍ സംബന്ധിച്ച പ്രസ്താവന നല്‍കാന്‍ ഹൈക്കോടതി ഗവണ്‍മെന്‍റ് പ്ലീഡറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈടെക്ക് ട്രാഫിക്ക് എന്‍ഫോഴ്സ്മെന്‍റ് കണ്‍ട്രോള്‍ റൂമിന്‍റെ പതിവ് പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Post a Comment

Previous Post Next Post