നിക്ഷേപ തട്ടിപ്പ് കേസിൽ ഫാഷൻ ഗോൾഡ് എം.ഡി. ടി.കെ. പൂക്കോയ തങ്ങളെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കാസർകോട് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. കേസിൽ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൂക്കോള തങ്ങളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് പോലീസ് നൽകുന്ന സൂചന. ശനിയാഴ്ച രാവിലെ 10 മണി മുതൽ ഖമറുദ്ദീനെയും അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്. എ.എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ഫാഷൻ ഗോൾഡ് നിക്ഷേപത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് എ.എസ്.പി നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ജുവലറിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളും കേസിൽ പ്രതികളാകുമെന്നാണ് സൂചന. 800-ഓളം നിക്ഷേപകരിൽ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകർ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതുവരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ 13 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് കണക്കുകൾ. വഞ്ചിക്കപ്പെട്ട കൂടുതൽ നിക്ഷേപകർ പരാതിയുമായി എത്തിയാൽ തുക വീണ്ടും വർധിക്കും.
Post a Comment