തിരുവനന്തപുരം | ബാര്‍കോഴയില്‍ തനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തി തെളിവില്ലെന്ന് കണ്ടെത്തിയതാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദം തെറ്റ്. അദ്ദേഹത്തിനെതിരെ ഇതുവരെ ഈ കേസില്‍ വിജിലന്‍സ് അന്വേഷണം നടന്നില്ല. ഇതുമായി ബന്ധപ്പെട്ട ഒരു അന്വേഷണ രേഖയുമില്ല. കഴിഞ്ഞ മാസം ബിജുരമേശ് കോഴ ആരോപണം ആവര്‍ത്തിച്ചപ്പോള്‍ അന്വേഷണത്തിന് അനുമതി നല്‍കരുതെന്ന് കാണിച്ച് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്തും നല്‍കിയിരുന്നു.
ബിജു രമേശിന്റെ രഹസ്യ മൊഴിയുടെ രേഖകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ കെ പി സി സി പ്രസിഡന്റായിരുന്നപ്പോള്‍ പണം നല്‍കിയ കാര്യം രഹസ്യമൊഴിയില്‍ നിന്നും മറച്ചുവെക്കാന്‍ രമേശ് ചെന്നിത്തലയും ഭാര്യയും സ്വാധീനിച്ചു എന്നായിരുന്നു ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍. കെ ബാബുവിനെതിരായ കേസന്വേഷിച്ച വിജിലന്‍സ് ഉദ്യോഗസ്ഥര്‍ രമേശ് ചെന്നിത്തലക്കും ശിവകുമാറിനുമെതിരായ മൊഴി രേഖപ്പെടുത്താന്‍ വിസമ്മതിച്ചുവെന്നും ബിജു രമേശ് പറഞ്ഞു.
അടുത്തിടെ മാധ്യമങ്ങള്‍ ആരോപണം ആവര്‍ത്തിച്ചപ്പോഴും വര്‍ക്കല സ്വദേശിയായ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രമേശ് ചെന്നിത്തലക്കുവേണ്ടി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു.
അതിനിടെ ബാര്‍കോഴയില്‍ രമേശ് ചെന്നിത്തല, കെ ബാബു എന്നിവര്‍ക്കെതിരെ അന്വേഷണ അനുമതി തേടി സര്‍ക്കാര്‍ സ്പീക്കര്‍ക്കും ഗവര്‍ണര്‍ക്കും ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും വിജിലന്‍സിന്റെ തുടര്‍ നടപടികള്‍.
Post a Comment