തിരുവനന്തപുരം | സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞപ്പോള്‍ 19 ഇടത്ത് എല്‍ ഡി എഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സി പി എം പാര്‍ട്ടി ഗ്രാമങ്ങളിലെ 19 വാര്‍ഡുകളിലാണ് ചെങ്കൊടി പാറിയത്. സംസ്ഥാന ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും, നഗരസഭകളിലും, കോര്‍പറേഷനുകളിലുമായി ഒന്നര ലക്ഷത്തിലേറെ പേര്‍ പത്രിക സമര്‍പ്പിച്ചു.
കണ്ണൂര്‍ ആന്തൂര്‍ നഗരസഭയിലെ മൊറാഴ, കാങ്കോല്‍, കോള്‍മൊട്ട, നണിച്ചേരി, ആന്തൂര്‍, ഒഴക്രോം വാര്‍ഡുകളില്‍ സി പി എമ്മിന് ഇത്തവണയും എതിരില്ല. കഴിഞ്ഞ തവണ ഈ വാര്‍ഡുകള്‍ അടക്കം 14 വാര്‍ഡുകളില്‍ ആന്തൂരില്‍ സി പി എമ്മിന് എതിരില്ലായിരുന്നു. കണ്ണൂര്‍ മലപ്പട്ടം പഞ്ചായത്തില്‍ അഞ്ചിടത്ത് എല്‍ ഡി എഫ് ജയിച്ചു. അടുവാപ്പുറം നോര്‍ത്ത്, കരിമ്പില്‍, മലപ്പട്ടം ഈസ്റ്റ്, മലപ്പട്ടം വെസ്റ്റ്, കോവുന്തല വാര്‍ഡുകളിലാണിത്. കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളിലും കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ ഒരു വാര്‍ഡിലും ഇടത് സ്ഥാനാര്‍ഥികള്‍ മാത്രം. കോട്ടയം മലബാര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലും തളിപ്പറമ്പ് നഗരസഭയിലെ കൂവോഡ് വാര്‍ഡിലും തിരഞ്ഞെടുപ്പിന് മുമ്പേ ചെങ്കൊടി പാറി. കാസര്‍കോട് ജില്ലയിലെ മടിക്കൈ പഞ്ചായത്തില്‍ മൂന്ന് വാര്‍ഡുകളിലും ഇടതിന് എതിരുണ്ടായിരുന്നില്ല.
ഗ്രാമപഞ്ചായത്തുകളിലേക്ക് ഒരു ലക്ഷത്തി പതിമൂവായിരം പത്രികകളും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് പതിനൊന്നായിരത്തിലേറെ പത്രികകളും ജില്ലാ പഞ്ചായത്തുകളിലേക്ക് ആയിരത്തി എണ്ണൂറിലേറെ പത്രികകളും കിട്ടി. 19,526 നാമനിര്‍ദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോര്‍പ്പറേഷനുകളിലേക്ക് 3,758 നാമനിര്‍ദ്ദേശ പത്രികകളും ലഭിച്ചു. ഈ മാസം 12 മുതലായിരുന്നു പത്രിക സമര്‍പ്പണം. കൊവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയായിരുന്നു പത്രികാ സമര്‍പ്പണം. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 23നാണ്.
Post a Comment