ഉറങ്ങി എഴുന്നേറ്റപ്പോള്‍ യുവാവിന്റെ ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് പോയത് 60,300 രൂപ; വീണ്ടും സൈബര്‍ തട്ടിപ്പ് fake cyber froud

കൊച്ചി:
 നിമിഷങ്ങൾ കൊണ്ട് യുവാവിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സൈബർ തട്ടിപ്പുകാർ തട്ടിയെടുത്തത് 60,300 രൂപ. ചേർത്തല പള്ളിപ്പുറം സ്വദേശി സോനൽ സെബാസ്റ്റ്യനാണ് ക്രെഡിറ്റ് കാർഡിൽനിന്ന് ഇത്രയും പണം നഷ്ടപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു സോനലിന്റെ ക്രെഡിറ്റ് കാർഡിൽനിന്നും തട്ടിപ്പുകാർ പണം അപഹരിച്ചത്. രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോഴാണ് സോനൽ തട്ടിപ്പ് നടന്ന വിവരമറിയുന്നത്. ഇന്റർനാഷണൽ ഓൺലൈൻ യൂസേജ് സംവിധാനം ആക്ടിവേറ്റ് ചെയ്തായിരുന്നു തട്ടിപ്പിന്റെ തുടക്കം. പിന്നാലെ ക്രെഡിറ്റ് കാർഡിന്റെ പാസ് വേർഡ് മാറ്റാനുള്ള ഒ.ടി.പി.യും പാസ് വേർഡ് മാറ്റിയ എസ്.എം.എസുമെല്ലാം ഫോണിലേക്ക് വന്നിരുന്നു. ഇതിനുപിന്നാലെയാണ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പോളണ്ടിലെ വെബ്സൈറ്റിൽനിന്നും ആമസോൺ വെബ്സൈറ്റിൽനിന്നും പർച്ചേഴ്സ് നടത്തിയതായി എസ്.എം.എസ്. വന്നത്. പുലർച്ചെ മൂന്ന് മണി മുതൽ ഏതാനും മിനിറ്റുകളുടെ ഇടവേളയിലാണ് ഈ എസ്.എം.എസുകളെല്ലാം വന്നത്. ഉറങ്ങുകയായിരുന്നതിനാൽ എസ്.എം.എസ്. വന്നപ്പോൾ സോനൽ അറിഞ്ഞതുമില്ല. പണം നഷ്ടപ്പെട്ടെന്ന് മനസിലായതോടെ ഉടൻതന്നെ ബാങ്കിൽ വിളിച്ച് കാർഡ് ബ്ലോക് ചെയ്തതായി 
പറഞ്ഞു. 
സംഭവത്തിൽ കേസ് നൽകാമെന്ന് ബാങ്ക് അധികൃതർ അറിയിച്ചതായും ആലപ്പുഴ സൈബർ സെല്ലിൽ താൻ നേരിട്ട് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് അനുദിനം നിരവധി സൈബർ തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ചേർത്തല സ്വദേശിയായ യുവാവിനും തട്ടിപ്പിലൂടെ പണം നഷ്ടമായിരിക്കുന്നത്. 

Post a Comment

Previous Post Next Post