കോട്ടയം | അഭയ കേസില്‍ 28 വര്‍ഷങ്ങള്‍ നിണ്ട നിയമ പോരാട്ടത്തിന് ഒടുവില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തിയപ്പോള്‍ അതില്‍ ഏറെ സന്തോഷിക്കാന്‍ അവകാശമുള്ളത് കേസിലെ പ്രധാന സാക്ഷിയായ അടയ്ക്കാ രാജുവിനാണ്. പ്രലോഭനങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും വഴങ്ങാതെ അദ്ദേഹം മൊഴിയില്‍ ഉറച്ചുനിന്നതാണ് നിയമപോരാട്ടത്തെ വിജയത്തിലെത്തിച്ചത്. പ്രതികള്‍ കുറ്റക്കാരാണെന്ന കോടതിയുടെ കണ്ടെത്തല്‍ പുറത്തുവന്നപ്പോള്‍ ആനന്ദ കണ്ണീരൊഴുക്കുകയാണ് അടയ്ക്കാ രാജു.
‘കുഞ്ഞിന്റെ അപ്പനായിട്ട് പറയുകയാ, എന്റെ കുഞ്ഞിന് നീതി കിട്ടി. ഞാന്‍ ഭയങ്കര ഹാപ്പിയാണ്.’ – രാജു മാധ്യമങ്ങളോട് പറഞ്ഞു.
‘കൊച്ചിന് ഒരു നീതി കിട്ടണം. അതുമതി. എനിക്കും പെമ്പിള്ളേരുണ്ട്. എന്റെ അയല്‍വക്കത്തും ഉണ്ട്. അവര്‍ക്കാര്‍ക്കും ഒരു ദോഷമുണ്ടാകരുത്. ഇത്രയും വയസ്സ് വരെ വളര്‍ത്തിയിട്ട് പെട്ടെന്ന് കാണാതാകുമ്പോഴത്തെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. അതുകൊണ്ട് എന്റെ കുഞ്ഞിന് നീതി കിട്ടണം. അതെന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഒരുപാട് പേര് എന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതാണ്. കോടികളാണ് ഓഫര്‍ ചെയ്തത്. ഞാന്‍ ഒന്നും വാങ്ങിയില്ല. ഒരു രൂപ പോലും എനിക്ക് വേണ്ട ഞാനിപ്പഴും കോളനിക്ക് അകത്താണ് കിടക്കുന്നത് – വികാരധീനനായി രാജു പറഞ്ഞു.
അഭയ കൊല്ലപ്പെട്ട ദിവസം മോഷണത്തിനായി മഠത്തില്‍ കയറിയപ്പോള്‍ ഫാദര്‍ തോമസ് കോട്ടൂരിനെയും ഫാദര്‍ ജോസ് പുതൃക്കയിലിനെയും മഠത്തില്‍ കണ്ടെന്നായിരുന്നു രാജുവിന്റെ മൊഴി. ഒരു മോഷ്ടാവിന്റെ മൊഴി എത്രത്തോളം വിശ്വാസയോഗ്യമാണെന്ന തരത്തിലുളള വാദങ്ങള്‍ പ്രതിഭാഗം ഉയര്‍ത്തിയിരുന്നുവെങ്കിലും ഈ മൊഴി നിര്‍ണായക തെളിവായി മാറുകയായിരുന്നു.
Post a Comment