ആശുപത്രി ചിലവിനു പണമില്ല; യുവതിക്ക് ആശാ വർക്കർ പ്രസവശുശ്രൂഷ നൽകി; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു

ആശുപത്രി ചിലവിനു പണമില്ലാത്തതിനെത്തുടർന്ന് ആശുപത്രിയിൽ പോകാൻ വിസമ്മതിച്ച ദളിത്‌ യുവതിക്ക് ആശാ വർക്കർ പ്രസവശുശ്രൂഷ നൽകി. വണ്ടിപ്പെരിയാർ ശബരിമല തോട്ടത്തിൻറെ ഭാഗമായ മൗണ്ടിലാണ് സംഭവം.

തോട്ടം ലൈൻസിൽ താമസിക്കുന്ന മനോജിൻറെ ഭാര്യ ലക്ഷ്മിയാണ്‌ ബുധനാഴ്ച രാത്രി ആൺകുഞ്ഞിനെ പ്രസവിച്ചത്. പതിനഞ്ചുവർഷമായി വാർഡിൽ ആശാ വർക്കറായ അമ്പിളി ചാക്കോയാണ് ലക്ഷ്മിക്ക് കരുതലായി എത്തിയത്.

ജോലിയുടെ ഭാഗമായി അമ്പിളി, പ്രദേശത്തെ ഗർഭിണികൾക്ക് വേണ്ട സഹായങ്ങൾ ചെയ്തിരുന്നു. ഒൻപതുമാസം പൂർത്തിയായപ്പോൾ ആശുപത്രിയിൽ പോകണമെന്ന് ആരോഗ്യപ്രവർത്തകർ നിർദേശിച്ചതാണ്. എന്നാൽ പണമില്ലാത്തതിനാൽ ലക്ഷ്മി ആശുപത്രിയിൽ പോയില്ല.

ബുധനാഴ്ച രാത്രി ഒൻപതുമണിയോടെയാണ് ലക്ഷ്മിക്ക് പ്രസവവേദന തുടങ്ങിയെന്ന ഫോൺ സന്ദേശം എത്തിയത്. ഉടൻ തന്നെ, ഭർത്താവ് ചാക്കോയുമൊത്ത് അമ്പിളി സ്ഥലത്തെത്തി. ലക്ഷ്മിയെ പതിനാലു കിലോമീറ്റർ അകലെ വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിൽ എത്തിക്കാൻ വാഹനം ലഭിച്ചില്ല. തുടർന്ന്, അമ്പിളി പ്രസവശുശ്രൂഷ നൽകുകയായിരുന്നു. രാത്രി പന്ത്രണ്ടുമണിയോടെ പ്രസവിച്ചു. പിന്നീട് വാഹനത്തിൽ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

Post a Comment

Previous Post Next Post