ഇഷ്ടപ്പെട്ടയാൾക്കൊപ്പം ജീവിക്കാൻ തീരുമാനിച്ച യുവതിയുടെ വിരലുകൾ മുറിച്ച് അച്ഛനും സഹോദരനും

പ്രണയിച്ചയാളെ വിവാഹം കഴിക്കാൻ ഒരുങ്ങിയ യുവതിയോട് വീട്ടുകാരുടെ ക്രൂരത. 4 കൈവിരലുകൾ പിതാവും സഹോദരനും കൂടി മുറിച്ചുമാറ്റി.  കർണാടകയിലെ ചമരാജ് നഗറിലാണ് പിതാവും സഹോദരനും ചേർന്ന് 24 വയസ്സുള്ള യുവതിയെ ആക്രമിച്ചത്. ധനലക്ഷ്മിയുടെ ഇടതു കയ്യിലെ വിരലുകളാണു പിതാവ് ശിവസ്വാമി, സഹോദരൻ മഹേന്ദ്ര എന്നിവർ ചേർന്ന് മുറിച്ചത്. ഇരുവരെയും ഹന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.

അതേ ഗ്രാമത്തിലെ സത്യയുമായി രണ്ട് വർഷമായി പ്രണയത്തിലായിരുന്നു ധനലക്ഷ്മി. പ്രണയിച്ചയാളെ വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ച മകൾ വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹം നടക്കണമെന്നായിരുന്നു ധനലക്ഷ്മിയുടെ ആഗ്രഹം.

മാതാപിതാക്കളുടെ സമ്മതമില്ലെങ്കിലും ഡിസംബർ ഏഴിന് വിവാഹിതരാകാൻ ധനലക്ഷ്മിയും സത്യയും തീരുമാനിച്ചു. . തുടർന്ന് ധനലക്ഷ്മിയെ വീട്ടിൽ നിന്നു പുറത്തിറങ്ങാൻ ശിവസ്വാമി അനുവദിച്ചില്ല. കഴിഞ്ഞ ദിവസം വിലക്ക് ലംഘിച്ച് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെ ധനലക്ഷ്മിയെ ശിവസ്വാമിയും മഹേന്ദ്രയും ചേർന്ന് മർദിച്ചു. തുടർന്ന് വിരലുകൾ മുറിച്ചുമാറ്റി.

നാട്ടുകാർ ചേർന്ന് പെൺകുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ ധനലക്ഷ്മിയുടെ പിതാവിനേയും സഹോദരനേയും പൊലീസ് അറസ്റ്റ് ചെയ്തു.

Post a Comment

Previous Post Next Post