കൊടും തണുപ്പിലും വീര്യം ചോരാതെ; ഇന്ന് മുതല്‍ കര്‍ഷകരുടെ റിലേ നിരാഹാര സമരം

ന്യൂഡല്‍ഹി കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ ഒരു മാസത്തിന് അടുത്തായി തുടരുന്ന സമരം പുതിയ തലത്തിലേക്ക് കര്‍ഷകര്‍ വ്യാപിക്കുന്നു. ഇന്ന് മുതല്‍ ഡല്‍ഹി അതിര്‍ത്തികളിലെ എല്ലാ സമര കേന്ദ്രങ്ങളിലും റിലേ നിരാഹാര സമരം തുടങ്ങാനാണ് കര്‍ഷകരുടെ തീരുമാനം. മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ഇന്ന് നാസിക്കില്‍ നിന്ന് ചലോ ഡല്‍ഹി യാത്ര ആരംഭിക്കും. വിവിധ ട്രേഡ് യൂണിയനുകളുടെ പിന്തുണയും കര്‍ഷക സംഘടനകള്‍ തേടിയിട്ടുണ്ട്.

ഡല്‍ഹിയിലെ കൊടുംതണുപ്പില്‍ സമരം തുടങ്ങിയിട്ട് 27 ദിവസമായി. നിയമം പിന്‍ലവിക്കാതെ പിന്തിരിയില്ലന്ന ഉറച്ച നിലപാടിലാണ് കര്‍ഷക സംഘടനകള്‍. കര്‍ഷക ദിവസായി ആചരിക്കുന്ന 23ന് ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. 25 മുതല്‍ 27 വരെ ഹരിയാനയിലെ ടോള്‍ പ്ലാസകളില്‍ പിരിവ് അനുവദിക്കില്ല. ഡിസംബര്‍ 26 – 27 തിയ്യതികളില്‍ കര്‍ഷകര്‍ എന്‍ ഡി എ ഘടക കക്ഷികള്‍ക്ക് കത്തെഴുതും. 27ന് മന്‍ കി ബാത്ത് നടക്കവെ പാത്രം കൊട്ടി പ്രതിഷേധിക്കാനുമാണ് തീരുമാനം.

മഹാരാഷ്ട്രയിലെ 20 ജില്ലയില്‍ നിന്നുള്ള കര്‍ഷകര്‍ നാസിക്കില്‍ നിന്ന് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. പ്രതിഷേധം ലൈവാക്കിയതോടെ കിസാന്‍ ഏകത മോര്‍ച്ചയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൌണ്ടുകള്‍ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു. കമ്മ്യൂണിറ്റി ഗൈഡ് ലൈന്‍ പാലിച്ചില്ലെന്നാണ് ആരോപണം.

അതിനിടെ കര്‍ഷകരെ അടുത്ത ഘട്ട ചര്‍ച്ചക്ക് വിളിച്ച സര്‍ക്കാര്‍, സൌകര്യപ്രദമായ തിയ്യതി അറിയിക്കാന്‍ ആവശ്യപ്പെട്ടു. ചര്‍ച്ചക്ക് പോകണമോ എന്നകാര്യത്തില്‍ കര്‍ഷകര്‍ ഇന്ന് തീരുമാനമെടുക്കും. നിയമത്തെ പിന്തുണക്കുന്ന കര്‍ഷകരുമായുള്ള കൂടിക്കാഴ്ച കൃഷിമന്ത്രി തുടരുന്നുണ്ട്. വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25ന് പ്രധാനമന്ത്രി കര്‍ഷകരുമായി സംവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post