തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജമാക്കുന്നത്. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെണ്ണൽ നടക്കുക. നാളെ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തദ്ദേശതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കെ ഒരുക്കങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം 16, കൊല്ലം 16, പത്തനംതിട്ട 12, ആലപ്പുഴ 18, കോട്ടയം 17, ഇടുക്കി 10, എറണാകുളം 28, തൃശൂർ 24, പാലക്കാട് 20, മലപ്പുറം 27, കോഴിക്കോട് 20, വയനാട് 7, കണ്ണൂർ 20, കാസർകോട് 9 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.
രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക. കൊറോണ ബാധിതർക്കും ക്വാറന്റൈനിൽ കഴിഞ്ഞവർക്കും വിതരണം ചെയ്ത സ്പെഷ്യൽ തപാൽ വോട്ടുകൾ ഉൾപ്പടെയുള്ള പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ലോക്ക് തല വിതരണ, സ്വീകരണ കേന്ദ്രങ്ങളിൽ നടക്കും; മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അതാത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ വോട്ടെണ്ണും. ഗ്രാമപഞ്ചായത്തുകളിലേയും ബ്ലോക്ക് പഞ്ചായത്തുകളിലേയും ജില്ലാപഞ്ചായത്തുകളിലെയും പോസ്റ്റൽ വോട്ടുകൾ അതാത് വരണാധികാരികളാണ് എണ്ണുക. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഔരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേക കൌണ്ടിംഗ് ഹാളും സജ്ജീകരിക്കും.
മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേക കൌണ്ടിംഗ് ഹാൾ ഉണ്ടാകും. പരമാവധി എട്ട് പോളിംഗ് സ്റ്റേഷനുകൾക്ക് ഒരു ടേബിൾ എന്ന രീതിയിലാകും കൌണ്ടിംഗ് ടേബിൾ സജ്ജീകരിക്കുക. കൊറോണാ മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെണ്ണൽ. വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഇന്ന് അണുവിമുക്തമാക്കും. കൌണ്ടിംഗ് ഓഫീസർമാർ കയ്യുറയും മാസ്കും ഫേസ് ഷീൽഡും ധരിക്കും. കൌണ്ടിംഗ് ഹാളിൽ എത്തുന്ന സ്ഥാനാർത്ഥികളും ഏജന്റുമാരും കൊറോണ മാനദണ്ഡങ്ങൾ പാലിക്കണം.
തെരഞ്ഞെടുപ്പ് ഫലം തത്സമയം കമ്മീഷന്റെ ട്രെൻഡ് വെബ്സൈറ്റിൽ ലഭ്യമാക്കും. വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് ആൾക്കൂട്ടം അനുവദിക്കില്ല. ഫലപ്രഖ്യാപനത്തിന് ശേഷം പ്രവർത്തകരുടെ ആൾക്കൂട്ടവും ആഹ്ളാദപ്രകടനവും ഇക്കുറി ഉണ്ടാകില്ല. കൊറോണ മാനദണ്ഡപ്രകാരമുള്ള പ്രകടനത്തിനെ അനുമതിയുള്ളു.
Post a Comment