തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാൽ യുഡിഎഫ്‌ തകരും ; ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും നേതൃത്വത്തെ സാധാരണ കോൺഗ്രസുകാർ ചോദ്യം ചെയ്യും‌ : എ വിജയരാഘവൻ

തദ്ദേശതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ യുഡിഎഫ് കൂടുതൽ തകരുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. കേരള കോൺഗ്രസ് എം പോയതോടെ യുഡിഎഫ് തളര്ന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും നേതൃത്വത്തെ സാധാരണ കോൺഗ്രസുകാർ ചോദ്യം ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ വിവിധ പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയൻ വീണ്ടും ഭരണത്തിൽ വരുമോയെന്ന് പേടിച്ച് ചെന്നിത്തല ബിജെപിയുടെയും ജമാഅത്തെ ഇസ്ലാമിയുടേയുമൊപ്പം പോകുകയാണ്. ഏറ്റവും ഉയർന്ന രാഷ്ട്രീയ അവസരവാദമാണിത്. ഈ അവസരവാദത്തെ കേരളം തദ്ദേശ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കും. ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയെയാണ് ബിജെപിയും യുഡിഎഫും കാത്തിരിക്കുന്നത്. ബിജെപിയും ജമാഅത്തെ ഇസ്ലാമിയും ചെന്നിത്തലയും ഉമ്മൻചാണ്ടിയുമെല്ലാം കൈകോർത്ത് നിൽക്കുന്നു. ഈ അവിശുദ്ധ രാഷ്ട്രീയ സഖ്യം എന്ത് സന്ദേശമാണ് നാടിന് നൽകുകയെന്ന് വിജയരാഘവന് ചോദിച്ചു. തമിഴ്നാടും ബംഗാളും കർണാടകയുമെല്ലാം പിടിക്കുമെന്ന് പറഞ്ഞ് അമിത്ഷാ ഓടി നടക്കുന്നു. എന്നാൽ കേരളം പിടിക്കുമെന്ന് ഇതുവരെ ഒരു ബിജെപി നേതാവും പറഞ്ഞിട്ടില്ല.

പിണറായി വിജയൻ സർക്കാരിനെ അട്ടിമറിക്കുകയാണ് യുഡിഎഫിന്റെയും ബിജെപിയുടെയും ലക്ഷ്യം. നീതിരഹിതമായി രാഷ്ട്രീയ ആവശ്യത്തിന് ഏജൻസികളെ ഉപയോഗപ്പെടുത്തുമ്പോൾ അതിനു മുന്നിൽ ഇടതുപക്ഷം മുട്ടു വിറച്ചുനിൽക്കില്ല. രാവിലെ എഴുന്നേറ്റാൽ എല്ലാവർക്കും കേന്ദ്രസർക്കാർ അടി തരികയാണ്. പാചക വാതകവിലയുടെ പേരില് അടി, പെട്രോൾ പമ്പിൽ പോയാൽ അവിടെയും അടി. ബിജെപിക്കാർ വോട്ട് ചോദിക്കാൻ വരുമ്പോൾ ഇവരെ എന്തുചെയ്യണമെന്നും ജനത്തിനറിയാമെന്നും എ വിജയരാഘവൻ പറഞ്ഞു.

Post a Comment

Previous Post Next Post