ഇബ്റാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്കു മാറ്റി

കൊച്ചി | പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്റാഹിം കുഞ്ഞ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി. ഹരജി വേഗത്തില്‍ പരിഗണിക്കണമെന്ന ഇബ്‌റാഹിം കുഞ്ഞിന്റെ അപേക്ഷ കോടതി തള്ളി. അദ്ദേഹത്തെ നാലു ദിവസം കൂടി ചോദ്യം ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചു. നേരത്തെ, മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇബ്റാഹിം കുഞ്ഞിന്റെ ജാമ്യ ഹരജി തള്ളിയിരുന്നു.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മികച്ച ചികിത്സ ആവശ്യമാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് അപേക്ഷയില്‍ പറഞ്ഞിട്ടുള്ളത്.
കുറ്റപത്രം സമര്‍പ്പിച്ച് ഒമ്പതു മാസത്തിനു ശേഷമുള്ള അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇബ്റാഹിം കുഞ്ഞ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അഴിമതിയില്‍ തനിക്ക് പങ്കുണ്ടെന്ന് സ്ഥാപിക്കാനുള്ള തെളിവുകള്‍ ഇല്ല. കരാറുകാരായ ആര്‍ ഡി എസ് കമ്പനിക്ക് അഡ്വാന്‍സ് തുക നല്‍കിയത് നടപടിക്രമങ്ങള്‍ പാലിച്ചാണ്. ഒന്നര കൊല്ലമായി അന്വേഷണം നടക്കുന്ന കേസില്‍ ഇനി സാക്ഷികളെ സ്വാധീനിക്കാനോ കേസ് അട്ടിമറിക്കാനോ സാധിക്കില്ലെന്നും ഹരജിയില്‍ പറയുന്നു.

Post a Comment

Previous Post Next Post