അരുംകൊല: കസ്റ്റഡിയിൽ പ്രതിയുടെ ആ ചോദ്യം കേട്ട് പൊലീസ് ഞെട്ടി; ആളിക്കത്തിയ പക




തൊടുപുഴ : മകനും കുടുംബവും അഗ്നിക്കിരയായതിനു പിന്നലെ കസ്റ്റഡിയിലായപ്പോൾ പ്രതി ഹമീദ് പൊലീസുകാരോട് ചോദിച്ചു: ‘‘എല്ലാരും തീർന്നോ?’’



സ്വത്തു തർക്കത്തിന്റെ പേരിൽ മകനെയും കുടുംബത്തെയും മുറിയിൽ പൂട്ടിയിട്ട് പെട്രോളൊഴിച്ചു തീയിട്ടു കൊലപ്പെടുത്തിയ കേസിൽ കുറ്റബോധമില്ലാതെ പ്രതിയായ പിതാവ്. ഇടുക്കി ചീനിക്കുഴി മുഹമ്മദ് ഫൈസൽ (ഷിബു–45), ഭാര്യ ഷീബ (40), മക്കളായ മെഹ്റിൻ (16), അസ്ന (13) എന്നിവരാണു മരിച്ചത്. ഫൈസലിന്റെ പിതാവ് ആലിയക്കുന്നേൽ ഹമീദ് മക്കാറിനെ (79) പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിൽ ഇരിക്കുമ്പോഴും പ്രതി രാവിലെയും ഉച്ചയ്ക്കും വയറുനിറച്ചു ഭക്ഷണം കഴിച്ചു.




മട്ടനും മീനും അടങ്ങിയ ഭക്ഷണം വേണമെന്നായിരുന്നു പ്രതിയുടെ ഡിമാൻഡ്. തെളിവെടുപ്പിന് എത്തിച്ചപ്പോഴും ഭാവവ്യത്യാസമില്ലാതെ നടന്ന കാര്യങ്ങള്‍ പ്രതി വിശദീകരിച്ചെന്നു പൊലീസ് പറഞ്ഞു. സ്വത്തു തർക്കത്തിന്റെ പേരിൽ ഫൈസലിനെയും കുടുംബത്തെയും ജീവനോടെ കത്തിക്കുമെന്നു ഹമീദ് പലപ്പോഴും ഭീഷണി മുഴക്കിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്നു നാട്ടുകാരും ബന്ധുക്കളും പൊലീസും കരുതിയുമില്ല. ഹമീദ് വധഭീഷണി മുഴക്കിയെന്നു കാണിച്ചു ഫെബ്രവരി 25നു ഫൈസൽ തൊടുപുഴ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പ്രശ്നം പരിഹരിച്ചുവിട്ടു. പക്ഷേ ഹമീദിന്റെ മനസ്സിലെ പക കെട്ടടങ്ങിയില്ല. ഇവരെ കൊല്ലാന്‍ ഹമീദ് പദ്ധതികള്‍ തയാറാക്കി.




മകനും കുടുംബവും മരിക്കണമെന്ന് ഉറപ്പിച്ചു രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും അടച്ചാണ് ഹമീദ് കൂട്ടക്കൊല നടത്തിയത്. തെളിവെടുപ്പിനെത്തിച്ച പ്രതിക്കു നേരെ വന്‍ പ്രതിഷേധമുണ്ടായി. കൊടും കുറ്റവാളികള്‍ നടത്തുന്ന മുന്നൊരുക്കള്‍ പോലെ മകനെയും കുടുംബത്തെയും കൊല്ലാന്‍ ഹമീദ് തയാറാക്കിയ പദ്ധതികള്‍ അന്വേഷണ സംഘത്തെ ഞെട്ടിച്ചു. മകനെയും കുടുംബത്തെയും തീയിട്ടു കൊന്നെന്ന്, സംഭവത്തിനുശേഷം ബന്ധുവീട്ടിൽ എത്തിയപ്പോൾ അവരോട് ഇയാൾ തുറന്നു പറഞ്ഞെന്നു പൊലീസ് പറയുന്നു. തുടർന്നു പൊലീസ് സ്റ്റേഷനിലേക്ക് പോവുകയാണെന്ന് അറിയിച്ച് അവിടെനിന്ന് ഇറങ്ങുകയായിരുന്നു.




നല്ല ഭക്ഷണം കിട്ടുന്നില്ലെന്നു പറഞ്ഞ് വീട്ടിൽ ഹമീദ് വഴക്കുണ്ടാക്കിയിരുന്നതായി നാട്ടുകാർ പൊലീസിനോടു പറഞ്ഞു. ‘ജയിലിൽ പോലും ആഴ്ചയിലൊരിക്കൽ മട്ടൻ വിളമ്പും, അതുപോലും വാങ്ങിത്തരാറില്ല’ എന്നു കഴിഞ്ഞദിവസം ഹമീദ് പറഞ്ഞിരുന്നതായി പരിസരത്തുള്ളവർ വെളിപ്പെടുത്തി. സമീപ പ്രദേശങ്ങളിൽ പെട്രോൾ പമ്പുകളില്ലാതിരുന്നതിനാൽ പെട്രോൾ ശേഖരിച്ച് ആവശ്യക്കാർക്ക് അൽപം വില കൂട്ടി വിൽക്കുന്ന പരിപാടി ഹമീദ് ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു.




പെട്രോളിന്റെ ജ്വലനശേഷിയെക്കുറിച്ച് ഇയാൾക്കു കൃത്യമായ ധാരണയുണ്ടായിരുന്നു. അര ലീറ്ററിന്റെ ശീതളപാനീയ കുപ്പികളിൽ കാൽ ഭാഗം മാത്രം പെട്രോൾ നിറച്ച ശേഷം മുകളിൽ തുണി തിരുകി കത്തിച്ചാണു മുറിയിലിട്ടത്. കുപ്പി പൂർണമായും നിറച്ചാൽ തീ കൊടുത്ത ഉടനെ പൊട്ടിത്തെറിക്കുമെന്നു പ്രതിക്ക് അറിയാമായിരുന്നു. ഇത്തരത്തിൽ 4 കുപ്പികൾ ഇയാളുടെ മുറിയിൽനിന്നു കണ്ടെടുത്തിട്ടുണ്ട്. മുൻകരുതലുകൾ സ്വീകരിച്ചിരുന്നെങ്കിലും കൃത്യത്തിനിടെ ഹമീദിന്റെ വലതു കാൽപാദത്തിൽ പൊള്ളലേറ്റു. ‍‍




ഹമീദിന്റെ പിതാവ് മക്കാർ, കൊച്ചുമകൻ ഫൈസലിന് ഇഷ്ടദാനമായി നൽകിയ സ്വത്ത് തനിക്ക് അവകാശപ്പെട്ടതാണെന്നും തിരികെ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു തർക്കം. ഫൈസലും കുടുംബവും കിടന്നിരുന്ന മുറി വെള്ളിയാഴ്ച അർധരാത്രിക്കു ശേഷം പുറത്തുനിന്നു പൂട്ടി ജനൽ വഴിയും മേൽക്കൂര വഴിയും പെട്രോൾ‌ ഒഴിച്ച് തീയിടുകയായിരുന്നു. വെള്ളമൊഴിച്ചു തീ കെടുത്താതിരിക്കാൻ വീട്ടിലേക്കുള്ള ശുദ്ധജല കണക്‌ഷൻ വിഛേദിച്ചിരുന്നു. തീ പടർന്നതോടെ ഫൈസലും ഭാര്യയും മക്കളും ശുചിമുറിക്കുള്ളിൽ കയറി കതകടച്ചു.




ടാപ്പ് തുറന്നെങ്കിലും വെള്ളമില്ലായിരുന്നു. ചെറിയ കുപ്പികളിൽ പെട്രോൾ നിറച്ച് ഹമീദ് ഇവിടേക്കും എറിഞ്ഞു. തീ പടർന്നതോടെ 4 പേരും ശുചിമുറിക്കുള്ളിൽത്തന്നെ പൊള്ളലേറ്റും ശ്വാസംമുട്ടിയും മരിച്ചു.

Post a Comment

Previous Post Next Post