ചെന്നൈയെ ഞെട്ടിച്ച് അര്‍ധരാത്രി ബൈക്ക് റേസിങ്; പൊലീസിനെ കണ്ട് മറഞ്ഞു; പരിശോധന





ചെന്നൈയെ ഞെട്ടിച്ചു വീണ്ടും അര്‍ധരാത്രിയിലെ ബൈക്ക് റേസിങ് മല്‍സരം. വെള്ളിയാഴ്ച പുലര്‍ച്ചെ മറീന ബീച്ചിലെ കാമരാജ് സാലൈയിലാണ് 15 ബൈക്കുകള്‍ പങ്കെടുത്ത റേസിങ് മല്‍സരം നടന്നത്.




മുന്‍വശം ഉയര്‍ത്തിപ്പിടിച്ച് അപകടകരമായ നിലയില്‍ ബൈക്ക് റേസ് ചെയ്യുന്നതടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. നിരവധി കാറുകളും വാഹനങ്ങളും കടന്നുപോകവെയാണു റേസിങ് നടന്നത്. വിവരമറിഞ്ഞു പൊലീസ് എത്തിയപ്പോഴേക്കും റേസിങ് ബൈക്കുകളുമായി യുവാക്കള്‍ പലഭാഗങ്ങളിലേക്കായി മറഞ്ഞു. ഇടറോഡുകളിലൂടെ അപകടരമായ രീതിയില്‍ അമിത വേഗതയില്‍ ഓടിച്ചുപോയതോടെ പൊലീസ് നിസഹായരായി.




ഇതോടെ നഗരത്തിലെ മുഴുവന്‍ സിസിടിവി ക്യാമറകളും പരിശോധിക്കാന്‍ ചെന്നൈ പൊവലീസ് നടപടി തുടങ്ങി. ഒരു അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ചാണ് ക്യാമറ പരിശോധനയും തിരച്ചിലും ആരംഭിച്ചിരിക്കുന്നത്. ബസന്ത് നഗറില്‍ നിന്നു നിരനിരയായി ബൈക്കുകള്‍ മറീന ബീച്ചിനു മുന്നിലെ കാമരാജ് സലൈയിലേക്ക് എത്തുന്ന ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വൈകാതെ അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടാകുമെന്നാണു സൂചന.




നേരത്തെ നഗരത്തിലെ മേല്‍പാലങ്ങളും മറീന ബീച്ചിലെ റോഡും  ഔട്ടര്‍ റോഡിലെ ഹൈവേയും കേന്ദ്രീകരിച്ച് ബൈക്ക് റേസിങ് മല്‍സരങ്ങളുണ്ടായിരുന്നു. അപകടങ്ങളില്‍ ആളുകള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് കര്‍ശന നടപടികള്‍ക്കു തുടക്കമിട്ടത്.


Post a Comment

Previous Post Next Post