വീട്ടമ്മയുടെ മരണം: മകന്‍ റിമാന്‍ഡില്‍

ആലപ്പുഴ: വീട്ടമ്മ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമാണെന്നു കണ്ടെത്തിയതോടെ പിടിയിലായ മകന്‍ റിമാന്‍ഡില്‍. ആലപ്പുഴ വാടയ്‌ക്കല്‍ വട്ടത്തില്‍ക്ല ീറ്റസിന്റെ ഭാര്യ ഫിലോമിന(65) കൊല്ലപ്പെട്ട കേസില്‍ മകന്‍ സുനീഷാ(37)ണു റിമാന്‍ഡിലായത്‌.
കഴിഞ്ഞ അഞ്ചിന്‌ രാത്രി 8.30നായിരുന്നു സംഭവം. മദ്യപിച്ചെത്തിയ സുനീഷ്‌ അമ്മയുമായി വഴക്കിട്ടശേഷം വീടുപണിക്കായി ഉപയോഗിച്ചിരുന്ന ഉലക്കയുടെ മുറിച്ച ഭാഗമെടുത്ത്‌ തലയ്‌ക്കടിക്കുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു. അടുക്കളയിലെ ജോലിക്കിടെ സാധനം എടുക്കുന്നതിനിടെ കൊരണ്ടിപ്പലക തലയില്‍വീണ്‌ പരുേക്കെറ്റന്നാണു ബന്ധുക്കള്‍ പോലീസിനോട്‌ പറഞ്ഞിരുന്നത്‌. അബോധാവസ്‌ഥയിലായ ഫിലോമിനയെ അയല്‍വാസികള്‍ ചേര്‍ന്ന്‌ ആദ്യം പുന്നപ്ര സഹകരണ ആശുപത്രിയിലും പിന്നീട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും 12ന്‌ മരിച്ചു.
ബന്ധുക്കളില്‍ ചിലരുടെ വാദത്തില്‍ ചികിത്സിച്ച ഡോക്‌ടറടക്കം സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന്‌ അസ്വാഭാവിക മരണത്തിന്‌ കേസെടുത്ത്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചു. കൂടുതല്‍ പേരെ ചോദ്യം ചെയ്‌തതോടെയാണ്‌ കൊലപാതകമാണെന്ന സൂചന ലഭിച്ചത്‌.
ബന്ധുക്കളുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച്‌ നടത്തിയ അന്വേഷണത്തിലും കൊലപാതകമാണെന്ന്‌ സംശയിക്കുന്നതായി റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.തലയില്‍ ശക്‌തമായി അടിയേറ്റതായും ആഴമുള്ള മുറിവാണ്‌ മരണകാരണമെന്നുമായിരുന്നു പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌. പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കിയതോടെ സുനീഷ്‌ ഒളിവില്‍ പോയി.
കഴിഞ്ഞ ദിവസം സൗത്ത്‌ പോലീസ്‌ സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കൊലപാതകവിവരം മറച്ചുവെക്കാന്‍ ശ്രമിച്ച ബന്ധുക്കള്‍ക്കെതിരേ നടപടിയെടുക്കുമെന്നും പോലീസ്‌ അറിയിച്ചു. സൗത്ത്‌ സി.ഐ: എസ്‌.സനല്‍, എസ്‌.ഐ: കെ.ആര്‍.ബിജു, എ.എസ്‌.ഐ: ആര്‍. മോഹന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Post a Comment

Previous Post Next Post