പാക് അധീന കശ്മീരില്‍നിന്നും നിയന്ത്രണരേഖ കടന്നെത്തിയ പെണ്‍കുട്ടികളെ തിരിച്ചയച്ച് ഇന്ത്യ

ശ്രീനഗർ: പാക് അധീന കശ്മീരിൽനിന്ന് അബദ്ധത്തിൽ നിയന്ത്രണരേഖ കടന്നെത്തിയ പെൺകുട്ടികളെ കണ്ടെത്തിയ ഇന്ത്യൻ സൈന്യം മണിക്കൂറുകൾക്കകം സമ്മാനങ്ങൾ നൽകി അവരെ തിരിച്ചയച്ചു. ലൈബ സാബിർ (17), സഹോദരി സന സാബിർ (13) എന്നിവരാണ് അബദ്ധത്തിൽ നിയന്ത്രണരേഖ കടന്നത്.

ഇന്ത്യൻ സൈന്യം ഉപദ്രവിക്കുമെന്നും തിരിച്ചയക്കില്ലെന്നും ഭയപ്പെട്ടിരുന്നുവെന്ന് ലൈബ സാബിർ പറഞ്ഞു. എന്നാൽ ഇന്ത്യൻ സൈന്യം വളരെ നല്ലരീതിയിലാണ് പെരുമാറിയത്. വഴിയറിയാതെ സഞ്ചരിച്ചതിനെ തുടർന്നാണ് നിയന്ത്രണരേഖ കടന്നത്. ഇന്ത്യക്കാർ വളരെ നല്ലവരാണെന്നും സ്വന്തം നാട്ടിലേക്ക് പോകുന്നതിനുമുമ്പ് പെൺകുട്ടി പറഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്താ ഏജൻസി പുറത്തുവിട്ടിട്ടുണ്ട്.

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള ഛകൻ ദാ ബാഗ് ക്രോസിങ് പോയിന്റിലൂടെയാണ് പെൺകുട്ടികളെ ഇന്ത്യൻ സൈന്യം തിരിച്ചയച്ചത്. കഴിഞ്ഞ ദിവസം നിയന്ത്രണരേഖ കടന്നെത്തിയ ഇവരെ 24 മണിക്കൂറിൽ താഴെ സമയം മാത്രമെ തടഞ്ഞുവച്ചുള്ളൂ. ക്രോസിങ് പോയിന്റിൽവച്ച് പാകിസ്താനിലെ ഉദ്യോഗസ്ഥരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് പെൺകുട്ടികളെ സുരക്ഷിതരായി തിരിച്ചേൽപ്പിച്ചത്. സമ്മാനങ്ങളും മധുര പലഹാരങ്ങളും ഇന്ത്യൻ സൈന്യം അവർക്ക് നൽകി.

Post a Comment

Previous Post Next Post