ഡിസംബർ അഞ്ചിന്​ ശ്രുതിയുടെ നമ്പറിലേക്ക് സഹോദരന്റെ വിളിയെത്തി; മൂന്നാം വയസ്സിൽ ഭർത്താവ്​ പറിച്ചെടുത്ത​ മകളെ അമ്മ കാത്തിരുന്നത് 25 കൊല്ലം

തന്റെ മകൾ മൂന്നുവയസുകാരി ശ്രുതിയെ നെഞ്ചിൽ നിന്ന്​ പറി​ച്ചെടുത്ത്​ ഭർത്താവ്​ കൊണ്ടുപോകുമ്പോൾ, സൗദാമിനി കരുതിയില്ല നീണ്ട 25 വർഷം ആ കളിക്കൊഞ്ചൽ കാതിൽ നിന്ന്​ അകന്ന്​ നിൽക്കുമെന്ന്​. സൗദാമിനിയുടെ ഓർമകളിൽ നിറംകെടാതെ സൂക്ഷിച്ച കുഞ്ഞുടുപ്പുകളും കുഞ്ഞുശാഠ്യങ്ങളും ഉപേക്ഷിച്ച്​ 25 വർഷങ്ങൾക്ക് ശേഷം അവളിപ്പോൾ തിരിച്ചെത്തിയിരിക്കുന്നു.

വെളിയം പരുത്തിയറ ഷീബാ ഭവനിൽ ശ്രുതി (28) ക്കാണ് കാൽ നൂറ്റാണ്ടിനിപ്പുറം മാതാവിനെയും സഹോദരനെയും കണ്ടുമുട്ടാനായത്​. ജീവിതത്തിൽ ഒരിക്കലും കാണാൻ കഴിയില്ലെന്ന് കരുതിയ ഉറ്റവരെ കാണാൻ നിമിത്തമായത് കൊട്ടാരക്കര നഗരസഭയിലെ സാക്ഷരത തുടർവിദ്യാകേന്ദ്രത്തിലെ അധ്യാപിക ബീനയായിരുന്നു.

ഇടുക്കി വലിയ തോവാളയിൽനിന്ന് അഞ്ചൽ സ്വദേശിയായ സുഗതൻ ഭാര്യ സൗദാമിനിയോട് പിണങ്ങി മൂന്നു വയസ്സുള്ള മകൾ ശ്രുതിയെയുമെടുത്തു വീടുവിട്ടിറങ്ങിയത് 25 വർഷം മുമ്പായിരുന്നു. വീടുവിട്ടിറങ്ങുമ്പോൾ സൗദാമിനി അഞ്ചു മാസം ഗർഭിണിയായിരുന്നു. സുഗതൻ മകളെ അഞ്ചലിലെ സഹോദരിയുടെ വീട്ടിലാക്കി നാടുവിട്ടു. ഒമ്പത് വർഷങ്ങൾക്കുശേഷം തിരിച്ചെത്തിയ സുഗതൻ നാട്ടിൽ​െവച്ചു തന്നെ മരിച്ചു. അപ്പോൾ ശ്രുതിക്ക് 12 വയസ്സായിരുന്നു. മകളെ തിരിച്ചുതരണമെന്നാവശ്യ​പ്പെട്ട്​​ സൗദാമിനി സുഗതന് കത്തയച്ചുകൊണ്ടേയിരുന്നു. കത്തിലെ അമ്മയുടെ വിലാസം കാണാപാഠമാക്കിയ ശ്രുതി തിരികെ​ കത്തയച്ചു കാത്തിരുന്നെങ്കിലും മറുപടി ലഭിച്ചില്ല.

നവമാധ്യമങ്ങൾ സജീവമായതോടെ ആ വഴിക്കും അമ്മയെ അന്വേഷിച്ചുകൊണ്ടിരുന്നു. ഒടുവിൽ ശ്രുതിയുടെ ആഗ്രഹം സഫലമായത് കൊട്ടാരക്കര നഗരസഭയിലെ സാക്ഷരത തുടർ വിദ്യാകേന്ദ്രത്തിൽ പഠനത്തിനായി എത്തിയപ്പോഴാണ്. തുടർ വിദ്യാകേന്ദ്രത്തിലെ അധ്യാപിക ബീന ശ്രുതിയുടെ കുടുംബത്തെക്കുറിച്ച് തിരക്കിയപ്പോൾ ത​െൻറ ദുഃഖം പങ്കു​െവക്കുകയായിരുന്നു. ബീന, കട്ടപ്പനയിലെ ബന്ധുവായ സുരേഷിനെ വിവരമറിയിച്ചു. പൊതു പ്രവർത്തകനായ സുരേഷ്​ നീണ്ട തിരച്ചിലുകൾക്കൊടുവിൽ സഹോദരൻ സുമേഷി​െന കണ്ടെത്തി. ശ്രുതിയുടെ നമ്പർ സഹോദരന് നൽകി.

ഡിസംബർ അഞ്ചിന്​ ശ്രുതിയുടെ നമ്പറിലേക്ക് സുമേഷി​െൻറ വിളിയെത്തി. തുടർന്ന്​, മകളോട്​ സൗദാമിനിയും ഫോണിൽ സംസാരിച്ചു. പിന്നീട്, വിഡിയോ കാളിലൂടെ അമ്മയും മകളും കണ്ടു. തുടർന്ന്​, വ്യാഴാഴ്ച അമ്മയും സുമേഷും ഭാര്യയും ഉച്ചയോടെ ശ്രുതിയുടെ വെളിയത്തെ വീട്ടിലെത്തുകയായിരുന്നു. പിന്നീട്, എല്ലാവരുംകൂടി പുനഃസമാഗമത്തിന്​ വഴിയൊരുക്കിയ ബീന ടീച്ചറെ കണ്ട് നന്ദി അറിയിക്കാൻ കൊട്ടാരക്കര നഗരസഭയിലെത്തി. ബീന ടീച്ചർ മധുരം വാങ്ങി മൂവരെയും സ്വീകരിച്ചു. നഗരസഭ സെക്രട്ടറി പ്രദീപ് കുമാർ, ഹെൽത്ത്​ ഇൻസ്‌പെക്ടർ സുജി, സാക്ഷരതാ കോഓഡിനേറ്റർ ഷീബ, തുളസി, വേണുഗോപാൽ എന്നിവരും സന്നിഹിതരായിരുന്നു.

Post a Comment

Previous Post Next Post